മാഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ മാഹി സ്പിന്നില്‍ തൊഴിലാളികള്‍ വഞ്ചനാദിനം ആചരിച്ചു. മൂന്നുവര്‍ഷമായി അടഞ്ഞുകിടക്കുന്ന 23 എന്‍.ടി.സി മില്ലുകളും തുറന്നു പ്രവര്‍ത്തിക്കുക, ആറുമാസമായി മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക അനുവദിക്കുക, പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഗ്രാറ്റിവിറ്റി തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത യൂണിയന്റെ നേതൃത്വത്തില്‍ മാഹി സ്പിന്നിങ് മില്ല് ഗേറ്റിനു മുന്നില്‍ വഞ്ചന ദിനം ആചരിച്ചത്. സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി സത്യജിത്ത് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ദേശീയ നിര്‍വഹാക സമിതി അംഗം കെ.ഹരീന്ദ്രന്‍, സി.ഐ.ടിയു ഏരിയ വൈസ് പ്രസിഡണ്ട് എസ്.കെ വിജയന്‍ , ബി.എം.എസ് ജില്ലാ ടെക്‌സ്‌റ്റൈല്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് ജോതിര്‍ മനോജ്, സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.സുരേന്ദ്രന്‍, ഹാരിസ് പരിന്തിരാട്ട്, ഐ.എന്‍.ടി.യുസി സ്പിന്നിംഗ് മില്‍ മുന്‍ പ്രസിഡന്റ് ദാമോദരന്‍ സംസാരിച്ചു. സംയുക്ത സമരസമിതി കണ്‍വീനര്‍ വത്സരാജ് സ്വാഗതവും ബി.എം.എസ് വൈസ് പ്രസിഡന്റ് രാജീവന്‍ മമ്പള്ളി നന്ദിയും പറഞ്ഞു.