ഡല്‍ഹി ബജറ്റ് ; നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ അവതരണാനുമതി

ഡല്‍ഹി ബജറ്റ് ; നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ അവതരണാനുമതി

ന്യൂഡല്‍ഹി: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി ബജറ്റ് അവതരണത്തിന് കേന്ദ്രാനുമതി. ഇന്ന് ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അടിസ്ഥാന സൗകര്യ വികസനത്തിനും പരസ്യത്തിനും മാറ്റിവെച്ച തുകയില്‍ കേന്ദ്രം വിശദീകരണം തേടിയതിന് പിന്നാലെയാണ് ബജറ്റ് മുടങ്ങിയത്.എന്നാല്‍ 22,000 കോടി അടിസ്ഥാനവികസനത്തിനും 550 കോടി പരസ്യത്തിനുമാണ് നീക്കിവെച്ചതെന്നും അതില്‍ അസ്വഭാവികത ഇല്ലെന്നുമാണ് എ.എ.പി.യുടെ വിശദീകരണം. ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തും നല്‍കി. പിന്നാലെ ബജറ്റ് അവതരണത്തിന് കേന്ദ്രം അനുമതി നല്‍കുകയായിരുന്നു.

നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ ഡല്‍ഹി മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. 75 വര്‍ഷത്തെ രാജ്യ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ബജറ്റ് അവതരണം ഇത്തരത്തില്‍ മുടങ്ങുന്ന സംഭവം ഉണ്ടാകുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കുറ്റപ്പെടുത്തി.

കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബജറ്റ് അവതരിപ്പിക്കാന്‍ ഇന്ന് കഴിയില്ലെന്ന് ധനമന്ത്രി കൈലാഷ് ഗെലോട്ട് നേരത്തെ നിയമസഭയില്‍ അറിയിച്ചിരുന്നു. നടപടിയില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയ ധനമന്ത്രി ഇത് ഭരണഘടനവിരുദ്ധമെന്നും ആരോപിച്ചിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിന് താരതമ്യേന കുറഞ്ഞ തുകയും പരസ്യത്തിന് കഴിഞ്ഞ തവണത്തേക്കാള്‍ കൂടിയ തുകയും ബജറ്റില്‍ നീക്കിവെച്ചതാണ് കേന്ദ്രം ചോദ്യം ചെയ്തത്. ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിച്ച് ബജറ്റ് വീണ്ടും കേന്ദ്രത്തിന് അയക്കണമെന്ന് ലെഫ്. ഗവര്‍ണര്‍ ആവശ്യപ്പെട്ടതാണ് അവതരണം മുടങ്ങാന്‍ കാരണമായത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *