ഡല്‍ഹി ബജറ്റ്:  കേന്ദ്രത്തോട് പൊട്ടിത്തെറിച്ച് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി ബജറ്റ്:  കേന്ദ്രത്തോട് പൊട്ടിത്തെറിച്ച് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന ബജറ്റ് തടഞ്ഞ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് പൊട്ടിത്തെറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ന് അവതരിപ്പിക്കേണ്ട ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബജറ്റ് തടയരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയ മുഖ്യമന്ത്രി ഡല്‍ഹി ജനതയോട് നിങ്ങള്‍ക്കെന്താണ് ഇത്ര ദേഷ്യമെന്നും കത്തിലൂടെ ചോദിച്ചു.

‘അവരുടെ ബജറ്റ് പാസാക്കിത്തരാന്‍ ഡല്‍ഹി ജനത നിങ്ങളോട് കൂപ്പുകൈകളോടെ യാചിക്കുകയാണ്. ഇന്ന് ഡല്‍ഹി നിയമസഭയില്‍ ബജറ്റ് പാസാക്കേണ്ടതായിരുന്നു. എന്നാല്‍ കേന്ദ്രം ബജറ്റ് ബ്ലോക്ക് ചെയ്തു. ഇത് തെമ്മാടിത്തരമാണ്.’ കെജ്രിവാള്‍ പറഞ്ഞു. ബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ന് മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം മുടങ്ങുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.

കേന്ദ്രം ബജറ്റ് അവതരണം തടഞ്ഞ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ബി.ജെ.പി യെ നേരിടാനാണ് കെജ്രിവാളിന്റെ തീരുമാനം. ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഇതു സംബന്ധിച്ച് കത്തെഴുതിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ തെലങ്കാന മുഖ്യമന്ത്രി മാത്രമാണ് കത്തിനു മറുപടി നല്‍കിയതെന്നാണ് ലഭ്യമായ സൂചനകള്‍.

ലെഫ്‌നന്റ് ഗവര്‍ണര്‍ വികെ സക്‌സേന ചൂണ്ടിക്കാട്ടിയ വിഷയത്തിനുശേഷം ബജറ്റ് കേന്ദ്രത്തിന് വീണ്ടും അയക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പരസ്യങ്ങള്‍ക്കും മറ്റും നീക്കിവെച്ച വലിയ തുകയും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നീക്കിവെച്ച താരതമ്യേനയുള്ള ചെറിയ തുകയും എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, നാലു ദിവസം മുമ്പ് തന്നെ ഡല്‍ഹി സര്‍ക്കാരിനോട് ചില വിഷയങ്ങളില്‍ വിശദീകരണം ചോദിച്ചുവെന്നാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *