ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മദനി സമര്‍പ്പിച്ച അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ബംഗളൂരുവില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് മദനി അപേക്ഷ നല്‍കിയത്. ഇന്ന് സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നില്‍ അഭിഭാഷകന്‍ ഹാരീസ് ബീരാന്‍ ഹര്‍ജിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവും കാഴ്ചയ്ക്കും പ്രശ്‌നങ്ങളുണ്ടെന്നും ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്‍ അനുവാദം വേണമെന്നും അപേക്ഷയില്‍ പറയുന്നു. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. പിതാവിനെ കാണാന്‍ അവസരം നല്‍കണം. വിചാരണ പൂര്‍ത്തിയാകുന്നത് വരെ ജന്മനാട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നും ബംഗുളൂരുവില്‍ തുടരുന്നത് വലിയ സാമ്പത്തിക ഭാരമാണ്. വിചാരണ പൂര്‍ത്തിയാക്കാന്‍ തന്റെ ആവശ്യം ഇനിയില്ലെന്നും മദനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നു.