കാപികോ റിസോര്‍ട്ട് പൊളിക്കല്‍ ; അന്ത്യശാസനവുമായി സുപ്രീംകോടതി

കാപികോ റിസോര്‍ട്ട് പൊളിക്കല്‍ ; അന്ത്യശാസനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വേമ്പനാട് കായല്‍ത്തീരത്ത് പാണാവള്ളിയിലുള്ള കാപികോ റിസോര്‍ട്ട് പൊളിക്കലില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും സ്വരം കടുപ്പിച്ച് സുപ്രീംകോടതി. കാപികോ റിസോര്‍ട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കിയേ മതിയാകൂവെന്ന് കോടതി വ്യക്തമാക്കി. ഇത് പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ റിസോര്‍ട്ടിന്റെ പ്രധാന കെട്ടിടം മാത്രമേ പൊളിക്കാന്‍ ബാക്കിയുള്ളുവെന്നും 54 കോട്ടേജുകളും പൂര്‍ണ്ണമായി പൊളിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ സത്യവാങ്മൂലം വെള്ളിയാഴ്ച്ച സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി.

2011 ല്‍ കായല്‍ കൈയേറി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതിയുടെ 2013 ലെ ഉത്തരവിനെതിരേ കാപികോ ഉടമകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. 2014 ല്‍ സുപ്രീം കോടതിയില്‍ നിന്ന് റിസോര്‍ട്ട് പൊളിക്കുന്നതിന് താത്കാലിക സ്റ്റേ വാങ്ങി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാറും തീരദേശ പരിപാലന അതോറിറ്റിയും റിസോര്‍ട്ട് പൊളിക്കണമെന്ന നിലപാടാണ് സുപ്രീംകോടതിയില്‍ സ്വീകരിച്ചത്.

തീരദേശ നിയമം ലംഘിച്ച് പണിത കാപികോ റിസോര്‍ട്ട് മാര്‍ച്ച് 28 നകം പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ഫെബ്രുവരി 24 ന് അന്ത്യശാസനം നല്‍കിയിരുന്നു. തീരദേശ പരിപാലനനിയമം ലംഘിച്ച് പണിത റിസോര്‍ട്ട് പൊളിക്കുന്നതിന് 2020 ജനുവരിയിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍, വിധി പുറപ്പെടുവിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഉടമകളില്‍ നിന്ന് പണം ഈടാക്കിയാണ് പൊളിച്ചുനീക്കുന്നതെന്നും പ്രകൃതിക്ക് കുഴപ്പം വരാത്ത രീതിയില്‍ റിസോര്‍ട്ട് പൊളിക്കുന്നത് കൊണ്ടാണ് സമയമെടുക്കുന്നതെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. 2022 സെപ്റ്റംബര്‍ 15 മുതലാണ് കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *