കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിന് പാക്കേജിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും: കൃഷി മന്ത്രി പി. പ്രസാദ്

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിന് പാക്കേജിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: മൂല്യവര്‍ദ്ധനവിലൂടെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുമെന്നും അതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്നും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധനവ് നടത്തി വിപണനം നടത്തുന്നത് വഴി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സാധ്യമായ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളടെയും കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിക്ക് വേണ്ടിയുള്ള പാക്കേജിങ് എന്ന ഏകദിന പരിശീലന പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

11 വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് മൂല്യവര്‍ദ്ധിത മേഖലയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നതിനായി വാല്യു ആഡ് അഗ്രിക്കള്‍ച്ചര്‍ മിഷന്‍ രൂപീകരിച്ചു. കര്‍ഷകരുടെ പങ്കാളിത്തമുള്ള കേരള അഗ്രി ബിസിനസ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഒരു കൃഷിഭവന്‍ ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്ന തരത്തില്‍ കേരളത്തിലെ കര്‍ഷകരുടെയും കൃഷികൂട്ടങ്ങളുടെയും ഉല്‍പ്പന്നങ്ങളെ ഓണ്‍ലൈന്‍ വിപണിയില്‍ എത്തിക്കും. അതിനായി ‘കേരള്‍ അഗ്രോ’ ബ്രാന്‍ഡ് തയ്യാറാക്കി. ആദ്യപടിയായി കൃഷിവകുപ്പിന്റെ തന്നെ 65 ഉല്‍പ്പന്നങ്ങളെ ഓണ്‍ലൈനില്‍ ലഭ്യമാക്കി. വൈഗ ബി ടു ബി മീറ്റ് നടത്തിയതിലൂടെ 39.76 കോടി രൂപയുടെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള ധാരണപത്രം ഒപ്പുവച്ചു. ഇതിന്റെ തുടര്‍ച്ചയായി ബി 2 ബി മീറ്റുകള്‍ സംഘടിപ്പിക്കുമെന്നും ഈ വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വൈഗയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ജില്ലകളിലും വൈഗ റിസോഴ്‌സ് സെന്ററുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന വൈഗ 2023ല്‍ ഫെബ്രുവരി 27നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണപത്രം ഒപ്പുവച്ചത്. മാര്‍ച്ച് മാസത്തില്‍ തന്നെ ആദ്യ പരിശീലന പരിപാടി സംഘടിപ്പിക്കുവാനായത് നേട്ടം ആണെന്നും കേരള സര്‍ക്കാര്‍ കര്‍ഷകരുടെ വിവിധ വിഷയങ്ങളില്‍ ഉടനടി നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ പരിശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വിപണി അധിഷ്ഠിത പാക്കേജിങ് വര്‍ത്തമാനകാലത്തിന്റെ ആവശ്യമാണെന്നും കൃഷിവകുപ്പിന്റെ വിവിധ പരിപാടികളില്‍ സഹകരിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് പാക്കേജിങ് സാങ്കേതികവിദ്യയുടെ വിവിധ മേഖലകളിലെ അറിവുകള്‍ പകര്‍ന്നു നല്‍കുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ഹെഡും ജോയിന്റ് ഡയറക്ടറുമായ ഡോ. ബാബു റാവു ഗുഡൂരി പറഞ്ഞു. കാര്‍ഷികോല്‍പ്പാദന സംഘടനകള്‍, കൃഷി വകുപ്പിലെ വിവിധ ഫാമുകളിലെ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, നബാര്‍ഡിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. സമേതി ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ സ്വാഗതവും ഐ.ഐ.പി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. പൊന്‍കുമാര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *