ഏറ്റുമുട്ടല്‍ പുതിയ തലത്തിലേയ്ക്ക്‌ ; ഡല്‍ഹി ബജറ്റ് അവതരണം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ 

ഏറ്റുമുട്ടല്‍ പുതിയ തലത്തിലേയ്ക്ക്‌ ; ഡല്‍ഹി ബജറ്റ് അവതരണം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: ഇന്ന് നടക്കേണ്ടിയിരുന്ന ഡല്‍ഹി ബജറ്റ് അവതരണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവാക്കിയതിലും അധികം തുക സര്‍ക്കാര്‍ പാര്‍ട്ടി പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചുകൊണ്ടാണ് ബജറ്റ് അവതരണം തടഞ്ഞതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും തമ്മിലുളള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. തിങ്കളാഴ്ച ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചക്കിടെ ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി ചെയര്‍മാനുമായ അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ബജറ്റ് അവതരണമുണ്ടാകില്ല. ഇന്ത്യന്‍ ചരിത്രത്തിലാദ്യമായാണ് സംസ്ഥാന ബജറ്റ് അവതരണം കേന്ദ്രം തടയുന്നതെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണങ്ങള്‍ കളളമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ധനമന്ത്രി കൈലാഷ് ഗഹ്ലോട്ട് രംഗത്തെത്തി.ബജറ്റ് അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കൈലാഷ് ഗഹ്ലോട്ട് ആരോപിച്ചു. മൊത്തം ബജറ്റ് തുക 78,800 കോടിയായിരുന്നു. ഇതില്‍ 22,000 കോടി അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ചെലവുകള്‍ക്കായാണ് നീക്കി വെച്ചിരിക്കുന്നത്. വെറും 550 കോടി മാത്രമാണ് പരസ്യങ്ങള്‍ക്കായി നീക്കിവെച്ചിട്ടുളളതെന്നും കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു.

മാര്‍ച്ച് 17ന് ആണ് ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് ബജറ്റില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം കത്ത് നല്‍കിയത്. എന്നാല്‍ ദുരൂഹമായ കാരണങ്ങളാല്‍ ചീഫ് സെക്രട്ടറി കത്ത് മൂന്ന് ദിവസത്തേക്ക് മറച്ചുവെച്ചു. തിങ്കളാഴ്ചയാണ് കത്ത് അടങ്ങിയ ഫയല്‍ തനിക്ക് ഔദ്യോഗികമായി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് വൈകിപ്പിക്കുന്നതില്‍ ഡല്‍ഹി ചീഫ് സെക്രട്ടറിക്കും ധനകാര്യ സെക്രട്ടറിക്കുമുളള പങ്ക് അന്വേഷിക്കണമെന്നും കൈലാഷ് ഗഹ്ലോട്ട് ആവശ്യപ്പെട്ടു.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *