അമൃത്പാല്‍ സിങിനെ എന്തുകൊണ്ട് പിടികൂടാനാവുന്നില്ല : പഞ്ചാബ് പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

അമൃത്പാല്‍ സിങിനെ എന്തുകൊണ്ട് പിടികൂടാനാവുന്നില്ല : പഞ്ചാബ് പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

അമൃത്സര്‍: ഖലിസ്ഥാന്‍ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. പഞ്ചാബ് പൊലീസിന് ഇന്റലിജന്‍സ് വീഴ്ചയുണ്ടായതായി കോടതി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചോദിച്ചു.

അമൃത്പാലിനെതിരെയുളള കേസ് തീവ്രവാദ വിരുദ്ധ സംഘടനയായ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിച്ചേക്കും. നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെച്ചതിന്റെ പേരില്‍ അമൃത്പാലിനും സംഘത്തിനും എതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയുധ നിയമ കേസുകള്‍ എന്‍.ഐ.എ നിയമത്തില്‍ ഉള്‍പ്പെടുന്നവയാണ്. ‘കുറ്റവാളി നമ്പര്‍ വണ്‍’ എന്നാണ് പുതിയ കേസില്‍ ഖാലിസ്ഥാന്‍ നേതാവിനെ നാമകരണം ചെയ്തിരിക്കുന്നത്. അമൃത്പാല്‍ സിംഗിന്റെ 112 കൂട്ടാളികളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനുപുറമെ അമൃത്പാലിന്റെ വാരിസ് പഞ്ചാബ് ദേ ഗ്രൂപ്പിലെ നിരവധി അംഗങ്ങളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമൃത്പാല്‍ സിങ്ങിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദല്‍ജീത് സിംഗ് കല്‍സിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

2023 മാര്‍ച്ച് രണ്ടിന് നടന്ന യോഗത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആഭ്യന്തരമന്ത്രി അമിത് ഷായും അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അമൃത്പാലിനെ അറസ്റ്റ് ചെയ്തു എന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചുകൊണ്ട് പഞ്ചാബ് പൊലീസ് രംഗത്തെത്തിയിരുന്നു. പഞ്ചാബിലെ ഷാഹ്‌കോട്ട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത്പാലിനെ വധിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ച് വാരിസ് പഞ്ചാബ് ദേ സംഘടനാ നിയമോപദേഷ്ടാവ് ഇമാന്‍ സിംഗ് ഖാര രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചത്.

ഇത് ഒരു കള്ളനും പൊലീസും കളിയാണെന്നായിരുന്നു ജലന്ധര്‍ പൊലീസ് മേധാവി കുല്‍ദീപ് ചഹല്‍ വിശേഷിപ്പിച്ചത്. ‘അമൃത്പാല്‍ സിംഗിന്റെ മിക്ക അനുയായികളെയും ഞങ്ങള്‍ പിടികൂടി. പക്ഷേ അമൃത്പാല്‍ രക്ഷപ്പെടുകയാണ് ചെയ്തത്. ഉടനെ തന്നെ അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്യും. ക്രമസമാധാനം പാലിക്കുകയെന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം’, പൊലീസ് പറഞ്ഞു. പഞ്ചാബില്‍ തിങ്കളാഴ്ചയും ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിരുന്നു. അതേസമയം അമൃത്പാലിന്റെ അറസ്റ്റിലായ അനുയായികളെ പൊലീസ് അസമിലെ ദിബ്രുഗഢിലേക്ക് മാറ്റി.

അതേസമയം, സംസ്ഥാനത്തെ സമാധാന സാഹചര്യം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പഞ്ചാബില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് – എസ്.എം.എസ് നിരോധനം ചില മേഖലകളില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. നാല് ജില്ലകളിലും അമൃത്സറിലേയും മൊഹാലിയിലെയും ചില മേഖലകളിലും വ്യാഴാഴ്ച വരെ നിരോധനം ഉണ്ടാകും. സംസ്ഥാനത്തെ ബാക്കിയിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇന്ന് ഉച്ചയോടെ നീക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *