അന്താരാഷ്ട്ര വനദിനാചരണം നടത്തി

അന്താരാഷ്ട്ര വനദിനാചരണം നടത്തി

ജില്ലാതല ഉദ്ഘാടനം മേയര്‍ നിര്‍വഹിച്ചു, വനമിത്ര പുരസ്‌കാരം ദര്‍ശനം സാംസ്‌കാരിക വേദിക്ക് സമ്മാനിച്ചു

കോഴിക്കോട്: അന്താരാഷ്ട്ര വനദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മേയര്‍ ഡോ. ബീന ഫിലിപ് നിര്‍വഹിച്ചു. വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 2022ലെ വനമിത്ര പുരസ്‌കാരം ചെലവൂര്‍ കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദിക്ക് മേയര്‍ സമ്മാനിച്ചു. 25000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ട പുരസ്‌കാരം ദര്‍ശനം സാംസ്‌കാരിക വേദിക്ക് വേണ്ടി സെക്രട്ടറി എം.എ ജോണ്‍സണ്‍ ഏറ്റുവാങ്ങി. മാനാഞ്ചിറയില്‍ മിയാവാക്കി മാതൃകയില്‍ സൂക്ഷ്മ വനം സ്ഥാപിക്കുന്നതിന് ദര്‍ശനം സാംസ്‌കാരിക വേദിക്ക് നഗരസഭാ കൗണ്‍സില്‍ അനുമതി നല്‍കിയതായി മേയര്‍ അറിയിച്ചു. മാനാഞ്ചിറ മൈതാനത്തിന്റെ ഫൗണ്ടന് സമീപത്തുള്ള ഒരു സെന്റ് സ്ഥലത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലും പാര്‍ക്കിന്റെ സൗന്ദര്യത്തിന് കോട്ടം തട്ടാത്ത വിധത്തിലും ദര്‍ശനം സാംസ്‌കാരിക വേദിക്ക് സൂക്ഷ്മവനം പരിപാലിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് കെ. സുനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍ അന്താരാഷ്ട്ര വനദിന സന്ദേശം നല്‍കി.

മാത്തോട്ടം വനശ്രീ കോംപ്ലക്‌സില്‍ നടന്ന പരിപാടിയില്‍ കാവുകള്‍ക്കുള്ള ധനസഹായ വിതരണവും നടന്നു. തുടര്‍ന്ന് ദര്‍ശനം സാംസ്‌കാരിക വേദി സെക്രട്ടറി എം.എ. ജോണ്‍സണ്‍ മറുപടി പ്രസംഗം നടത്തി. ദര്‍ശനം ഐ.ടി വിഭാഗത്തിലെ സി.എച്ച് സജീവ്കുമാര്‍ തയ്യാറാക്കിയ ദര്‍ശനത്തിന്റെ 25 വര്‍ഷത്തെ പാരിസ്ഥിതിക-സാമൂഹ്യ-സാംസ്‌കാരിക-ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ടിമ്പര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ എ.പി ഇംതിയാസ്, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്റ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ജോഷിന്‍, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ബി.ജയസിംഹന്‍, നാഷണല്‍ ഗ്രീന്‍കോര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥന്‍, മുന്‍ വനമിത്ര പുരസ്‌കാര ജേതാവ് തെച്ചോലത്ത് ഗോപാലന്‍, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.എന്‍ നജ്മല്‍ അമീന്‍, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ. ബൈജു എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സത്യപ്രഭ സ്വാഗതവും വടകര സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ബിജേഷ് കുമാര്‍.വി നന്ദിയും പറഞ്ഞു.

 

പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *