ലണ്ടന്‍: ഫോക്‌സ് ന്യൂസ്, വാള്‍ സ്ട്രീറ്റ് ജേണല്‍, സണ്‍ നെറ്റ് വര്‍ക്ക്, ദ ടൈംസ് തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളുടെ മേധാവിയും 92 കാരനുമായ റൂപര്‍ട് മര്‍ഡോക് അഞ്ചാമതും വിവാഹിതനാകുന്നു. അറുപത്തിയാറുകാരി ആന്‍ ലെസ്ലി സ്മിത്താണ് വധു. വിവാഹത്തിന് മുന്നോടിയായി ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2008 ല്‍ അന്തരിച്ച വെസ്റ്റേണ്‍ ഗായകനും റേഡിയോ-ടിവി എക്സിക്യൂട്ടീവും ആയിരുന്ന ചെസ്റ്റര്‍ സ്മിത്തിന്റെ ഭാര്യയായിരുന്നു ആന്‍. താന്‍ വളരെ പരിഭ്രാന്തനായിരുന്നുവെന്നും പ്രണയിക്കാന്‍ ഭയപ്പെട്ടിരുന്നതായും എന്നാല്‍ ഇത് തന്റെ അവസാനത്തെ വിവാഹമായിരിക്കുമെന്നും റൂപര്‍ട് മര്‍ഡോക് പറഞ്ഞു. കൂടാതെ താന്‍ അതീവ സന്തോഷവാനാണെന്നും ജീവിതത്തിന്റെ രണ്ടാം ഭാഗം ഒരുമിച്ച് ചെലവഴിക്കാന്‍ തങ്ങളിരുവരും കാത്തിരിക്കുകയാണെന്നും മര്‍ഡോക് കൂട്ടിച്ചേര്‍ത്തു.
രണ്ടുപേര്‍ക്കും ഇത് ദൈവത്തിന്റെ സമ്മാനമാണെന്നാണ് ആന്‍ വിവാഹ വാര്‍ത്തയോട് പ്രതികരിച്ചത്. ‘കഴിഞ്ഞ സെപ്റ്റംബറിലാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. ഞാന്‍ കഴിഞ്ഞ 14 വര്‍ഷങ്ങളായി വിധവയായാണ് ജീവിച്ചത്. റൂപര്‍ട്ടിനെപ്പോലെ എന്റെ ഭര്‍ത്താവും ഒരു ബിസിനസുകാരനായിരുന്നു. പ്രാദേശിക പത്രങ്ങളില്‍ ജോലി ചെയ്തു. കൂടാതെ റേഡിയോ, ടിവി സ്റ്റേഷനുകള്‍ നടത്തുകയും ചെയ്തു’ ആന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മര്‍ഡോക് വേര്‍പിരിഞ്ഞത്. മര്‍ഡോക്കിന്റെ ആദ്യ മൂന്ന് വിവാഹങ്ങളിലായി അദ്ദേഹത്തിന് ആറ് മക്കളുണ്ട്. ട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. പിന്നീട് സ്‌കോട്ടിഷ് പത്രപ്രവര്‍ത്തക അന്ന മാനെ വിവാഹം ചെയ്തു. ഇതില്‍ മൂന്ന് മക്കളുണ്ട്. ബിസിനസ് രംഗത്തുള്ള വെന്‍ഡി ഡാങ്ങാണ് അദ്ദേഹത്തിന്റെ മൂന്നാം ഭാര്യ. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് രണ്ട് കുട്ടികളുമുണ്ട്.