ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശത്ത് ഇന്ത്യയെ അപമാനിച്ചെന്ന ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ബിജെപി നേതാക്കള്‍. കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവുമായ ഹര്‍ദീപ് സിംഗ് പുരിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയെ യൂറോപ്യന്‍ യൂണിയനുമായി താരതമ്യം ചെയ്തത് ശരിയായില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. രാഹുല്‍ ആത്മപരിശോധന നടത്തട്ടെയെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
ഭരണ പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. നടപടികള്‍ ആരംഭിച്ചത് മുതല്‍ ഷെയിം ഷെയിം രാഹുല്‍ ഗാന്ധി വിളികളാണ് ഇന്ന് പാര്‍ലമെന്റില്‍ ഭരണപക്ഷം ഉയര്‍ത്തിയത്. എന്നാല്‍ അപ്പോഴും അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ക്രുദ്ധനായി. ബഹളം തുടര്‍ന്നതോടെ ഇരു സഭകളും നിര്‍ത്തി വച്ചു.
അദാനിക്കെതിരായ നീക്കത്തില്‍ ചില കക്ഷികളൊഴിച്ച് എല്ലാവരും കോണ്‍ഗ്രസിന്റെ കൂടെയാണ്. എന്നാല്‍ രാഹുലിന്റെ പ്രസ്താവനകളെ ചൊല്ലിയുള്ള വിവാദത്തില്‍ ഡിഎംകെ മാത്രമാണ് പരസ്യപിന്തുണ നല്കുന്നത്. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനും മോദി- രാഹുല്‍ പോരാട്ടമായി വരുന്ന തെരഞ്ഞെടുപ്പുകളെ മാറ്റാനും ബിജെപി ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍. രാഹുല്‍ഗാന്ധിയെ നേതാവാക്കി ഉയര്‍ത്തുന്നതിനായി പാര്‍ലമെന്റ് നടപടികള്‍പോലും ബിജെപി തടസപ്പെടുത്തുന്നു. രാഹുലിനെ ഹീറോ ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് ഇതിന് നിന്നുകൊടുക്കുന്നതായി മമത ബാനര്‍ജിയെ പോലുള്ളവര്‍ ആരോപിക്കുന്നു.