ഷിംല: ആഡംബരപ്രിയരായ രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ വ്യത്യസ്തനാകുകയാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍
സിംഗ് സുഖു. തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ അദ്ദേഹം എത്തിയത് 20 വര്‍ഷം പഴക്കമുള്ള മാരുതി അള്‍ട്ടോ കാറില്‍. ഇന്ത്യയിലെ മന്ത്രിമാരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പടെ ആഡംബര കാറുകളിലും മറ്റും ഔദ്യോഗിക യാത്രകള്‍ നടത്തുമ്പോഴാണ് സുഖ് വിന്ദര്‍ സിംഗ് വ്യത്യസ്തനാകുന്നത്. ഹിമാചല്‍ പ്രദേശ് വിധാന്‍ സഭയിലേക്ക് പഴയ അള്‍ട്ടോയില്‍ യാത്ര ചെയ്ത് വരുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.
ആദ്യമായി എംഎല്‍എ ആയത് മുതല്‍ തന്നോടൊപ്പം തന്റെ കാറിനെയും കൂട്ടിയെന്നാണ് സുഖ് വിന്ദര്‍
സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്. ‘എത്ര ഉയരങ്ങളിലെത്തിയാലും ഒരു മനുഷ്യന്‍ തന്റെ ഭൂതകാലത്തെ ഒരിക്കലും മറക്കരുത്. കടന്നുവന്ന സാഹചര്യങ്ങള്‍, കുടുംബം, സമൂഹം എല്ലാം പ്രചോദനമായി നിലനില്‍ക്കും’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സുഖ് വിന്ദര്‍
സിംഗിന്റെ അള്‍ട്ടോ കാര്‍ വിധാന്‍ സഭയുടെ ഗേറ്റിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും പിന്നീട് കടത്തിവിടുകയായിരുന്നു.
അള്‍ട്ടോ കാറില്‍ എത്തിയ സുഖ്‌വിന്ദര്‍ സിംഗ് സുഖുവിനൊപ്പം വിദ്യാഭ്യാസമന്ത്രി രോഹിത് ഠാക്കൂറും എം.എല്‍ എ മാരും ഉണ്ടായിരുന്നു. വിധാന്‍സഭയിലെത്തിയ മുഖ്യമന്ത്രിയെ ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിയും പാര്‍ലമെന്ററികാര്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ ചൗഹാനും ചേര്‍ന്ന് സ്വീകരിച്ചു.