പട്‌ന റെയില്‍വേ സ്റ്റേഷനിലെ ടിവിയില്‍ അശ്ലീല ദൃശ്യങ്ങള്‍; പരസ്യ ഏജന്‍സിക്കെതിരേ നടപടിയെടുത്തു

പട്‌ന റെയില്‍വേ സ്റ്റേഷനിലെ ടിവിയില്‍ അശ്ലീല ദൃശ്യങ്ങള്‍; പരസ്യ ഏജന്‍സിക്കെതിരേ നടപടിയെടുത്തു

പട്‌ന: ബിഹാറിലെ പട്‌ന റെയില്‍വേ സ്റ്റേഷനിലെ ടിവിയില്‍ പരസ്യത്തിനിടെ വന്നത് അശ്ലീല സിനിമാ ദൃശ്യങ്ങള്‍. കുട്ടികളും സ്ത്രീകളുമടക്കം നൂറ് കണക്കിന് ആളുകള്‍ ഉണ്ടായിരുന്ന സമയത്താണ് ടിവിയില്‍ അശ്ലീല സിനിമാ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത്. ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് മൂന്ന് മിനിറ്റോളമുള്ള അശ്ലീല ദൃശ്യങ്ങള്‍ യാത്രക്കാര്‍ക്ക് മുന്നിലേക്ക് എത്തിയത്. സ്റ്റേഷനിലെ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാനുള്ള കരാറിലുണ്ടായിരുന്ന ദത്ത കമ്യൂണിക്കേഷനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട് റെയില്‍വേ. ഏജന്‍സിക്ക് പിഴയിട്ടതിന് പിന്നാലെ ഇവരെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തതായി റെയില്‍വേ വ്യക്തമാക്കി.

അശ്ലീല ദൃശ്യങ്ങള്‍ പൊതു ടിവിയില്‍ സംപ്രേക്ഷണം ചെയ്ത് കണ്ടതോടെ ആദ്യം ഞെട്ടലിലായ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന കമ്പനിയെ ബന്ധപ്പെട്ടാണ് ടിവിയിലെ പ്രക്ഷേപണം നിര്‍ത്തിപ്പിച്ചത്. യാത്രക്കാരുടെ പരാതിക്ക് പിന്നാലെയായിരുന്നു ഇത്. റെയില്‍വ പൊലീസിനെയാണ് ആദ്യം വിവരം അറിയിച്ചതെങ്കിലും നടപടി എടുക്കാന്‍ കാലതാമസം വന്നുവെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.

പരസ്യ ഏജന്‍സിയായ ദത്ത കമ്മ്യൂണിക്കേഷന്‍സുമായി ഉണ്ടായിരുന്ന കരാര്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം 10 ലായിരുന്നു അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചത്. ഇതില്‍ ചില ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്തിട്ടുണ്ട്. അമ്പരപ്പിക്കുന്ന അനാസ്ഥയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പോസ്റ്റ് ചെയ്യുക കൂടി ചെയ്തതോടെ സംഭവം വിവാദമായിരിക്കുകയാണ്. പത്താമത്തെ പ്ലാറ്റ് ഫോമില്‍ മാത്രമാണോ ഈ ദൃശ്യങ്ങള്‍ വന്നതെന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *