ചാലക്കര പുരുഷു
മാഹി: ലോകത്തിലാദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലേറിയ മഹാനായ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ഇ.എം.എസ്, ലോകത്തിലെ തന്നെ രേഖാചിത്രമെഴുത്തിലെ അതികായനായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് മുന്നില്‍ ഏതാനും മിനിട്ടുകള്‍ കൊച്ചു കുട്ടിയെപ്പോലെ ഇരുന്നുകൊടുത്തത് മയ്യഴിക്ക് ഒരിക്കലും മറക്കാനാവില്ല. 1990 കളുടെ തുടക്കത്തിലാണ് ഈ അപൂര്‍വ സന്ദര്‍ഭമൊരുങ്ങിയത്. വരയുന്നയാളും വരയ്ക്കപ്പെടുന്ന ആളും നല്ല ഗൗരവത്തിലായിരുന്നു.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ചിത്രകലാക്യാമ്പിനോടനുബന്ധിച്ചാണ് ഇ.എം.എസ്. മയ്യഴിയിലെത്തിയത്. ഗാന്ധിജിയും, ശ്രീനാരായണ ഗുരുവും, വാഗ്ഭടാനന്ദനും വന്ന മയ്യഴിക്കാരുടെ ആദിതീയ്യ ക്ഷേത്രത്തിന്റെ അതേ ചരിത്ര ഭൂമികയില്‍ തന്നെയാണ്, രാജ്യം കണ്ട എക്കാലത്തേയും മഹാനായ ആ കമ്മ്യണിസ്റ്റുമെത്തിയത്. സമ്മേളനത്തിന്റെ ഇടവേളയിലാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഇ.എം.എസിന്റെ നിമിഷ രേഖാചിത്രം ക്യാന്‍വാസില്‍ ആലേഖനം ചെയ്തത്. ദാര്‍ശനികതയില്‍ വിളക്കിയെടുത്ത ഭാവവും, പ്രകാശഭരിതമായ കണ്ണുകളും, എളിമയുടെ രാജഭാവവുമെല്ലാം തെളിഞ്ഞു നിന്ന ചിത്രം ആര്‍ട്ടിസ്റ്റ്‌നമ്പൂതിരിയുടെ കലാ ജീവിതത്തിലെ തന്നെ അമൂല്യ രചനയായി വിലയിരുത്തപ്പെടുകയുണ്ടായി.
പി.ഗോവിന്ദപ്പിള്ള , എം.വി.ദേവന്‍, പ്രൊഫ. എം.എന്‍ വിജയന്‍ , ഡോ.കെ.പി മോഹനന്‍ തുടങ്ങിയ പല പ്രമുഖരും അപൂര്‍വമായ ഈ സമാഗമനത്തിന് സാക്ഷികളായിരുന്നു. 1994 മെയ് 31ന് ആരാലും ക്ഷണിക്കപ്പെടാതെ, കേട്ടറിഞ്ഞ കൗതുകത്തില്‍ ഇ.എം.എസ് മലയാള കലാഗ്രാമത്തിലേക്ക് കയറിവരികയായിരുന്നു. ലോകപ്രശസ്തരായ ഒട്ടേറെ പ്രതിഭകള്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടെകിലും, അവരൊക്കെ ക്ഷണിക്കപ്പെട്ട് വന്നെത്തിയവരായിരുന്നു. എന്നാല്‍, ശാരീരികാവശതകളേറെയുണ്ടായിട്ടും, സ്വന്തം ആഗ്രഹത്താല്‍ ഇവിടെ വന്നെത്തിയ ഈ മഹാമേരുവിന് മുന്നില്‍ അന്ന് കലാഗ്രാമം ശിരസ്സ് നമിക്കുകയായിരുന്നു. ചെറുകുന്നിന് മുകളിലുള്ള എം.ഗോവിന്ദന്‍ ഓഡിറ്റോറിയമടക്കം ഇ.എം.എസ് നടന്നു കാണുകയും, കലയുടെ തീര്‍ത്ഥക്കരയിലെത്തിയതിന്റെ അനുഭൂതി സന്ദര്‍ശക പുസ്തകത്തില്‍ എഴുതി വയ്ക്കുകയും കൈയ്യൊപ്പ് ചാര്‍ത്തുകയും ചെയ്തു. കോടിയേരി ബാലകൃഷ്ണനും ടി.ടി.കെ.ശശിയും വി.മുകുന്ദനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സാഹിത്യകാരന്‍ കെ.പാനൂര്‍ നല്‍കിയ ഇളനീരും അദ്ദേഹം കുടിച്ചു.
പാര്‍ട്ടി നിരോധിച്ച വേളയില്‍ ഇ.എം.എസിന്റെ ലേഖനങ്ങള്‍ മയ്യഴിയിലെ ക്രോണിക്കല്‍ പ്രസ്സില്‍ അച്ചടിച്ചായിരുന്നു കേരളത്തില്‍ വിതരണം ചെയ്തിരുന്നത്. 1952ല്‍ ഇ.എം.എസിന്റെ പേരില്‍ കേരളത്തില്‍ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നപ്പോള്‍ കോഴിക്കോട് സ്വദേശിയായ കല്ലാട്ട് കൃഷ്ണനോടൊപ്പം മാഹിയില്‍ ഒളിച്ചു താമസിച്ചിരുന്നു. ഈ സമയത്ത് ആദ്യമായി നടന്ന മദിരാശി അസംബ്ലി തെരഞ്ഞെടുപ്പില്‍ കോഴിക്കോട് അസംബ്ലി മണ്ഡലത്തില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയപ്പോള്‍, ഇ.എം.എസ് മരിച്ചു പോയെന്ന് പറഞ്ഞ് റിട്ടേണിങ്ങ് ഓഫിസര്‍ നോമിനേഷന്‍ സ്വീകരിച്ചില്ല.
ത്രികോണ മത്സരത്തിനുണ്ടായിരുന്ന സോഷ്യലിസ്റ്റ് നേതാവും പ്രവാഹം പത്രാധിപരുമായിരുന്ന ബി.സി വര്‍ഗ്ഗീസ് റിട്ടേണിങ്ങ് ഓഫീസറെ ചോദ്യം ചെയ്യുകയും, പിറ്റേ ദിവസം ഇ.എം.എസിന്റെ ഒപ്പ് വാങ്ങി ആര്യാ അന്തര്‍ജ്ജനം നോമിനേഷന്‍ എത്തിക്കുകയും അത് സ്വീകരിക്കപ്പെടുകയും. ചെയ്തു. ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസ്സ് നേതാവും, പിന്നിട് നിയമമന്ത്രിയുമായ കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ നാനൂറ് വോട്ടിന് ജയിക്കുകയുമായിരുന്നു. 1954ല്‍ ചെറുകല്ലായിയില്‍ ഫ്രഞ്ച് വിരുദ്ധ പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരായ അച്ചുതനും, അനന്തനും വെടിയേറ്റ് വീരമൃത്യു വരിച്ചപ്പോള്‍ മയ്യഴിയിലെത്തിയ ഇ.എം.എസ് സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. 1957ല്‍ നീലേശ്വരത്ത് മത്സരിച്ചപ്പോഴും അദ്ദേഹം മയ്യഴിയിലെത്തിയിരുന്നു. മാഹി കോടതിക്ക് മുന്നിലെ അന്നത്തെ പാര്‍ട്ടി ഓഫീസിലായിരുന്നു ഇ.എം.എസ് വന്നിരുന്നത്. സിരകളില്‍ അഗ്‌നി കോരിയിടുന്ന ഓര്‍മകള്‍ ഒരു നാടിന് സമ്മാനിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം.