- സുപ്രീം കോടതിയെ സമീപിക്കാന്‍ സി.പി.എം
തിരുവനന്തപുരം: ഇടുക്കി ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സി.പി.എം സുപ്രീംകോടതിയെ സമീപിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സുപ്രീംകോടതിയില്‍ നാളെ തന്നെ അപ്പീല്‍ നല്‍കാനാണ് തീരുമാനം.
പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചതെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കുമാറിന്റെ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഇത് രണ്ടാം തവണയാണ് ദേവികുളം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുന്നത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് ഇടതുമുന്നണിക്ക് തിരിച്ചടിയായി ഹൈക്കോടതിയില്‍ നിന്ന് ഉത്തരവെത്തിയത്. ദേവികുളം മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായി നിയമസഭയിലെത്തിയ എ.രാജയുടെ വിജയവും ഹൈക്കോടതി അസാധുവാക്കി.
ക്രിസ്ത്യന്‍ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാനവാദം. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി.എസ്.ഐ. പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തില്‍പ്പെട്ടതാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.