ചാലക്കര പുരുഷു
മാഹി: ഭീതിയുടെ നിഴലില്‍ ഒരു ഗ്രാമം. കേവലം ഒന്നര ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം മാത്രമുള്ള ഒരു ചെറിയ റവന്യൂ വില്ലേജായ മയ്യഴിയിലെ വടക്കന്‍ അതിര്‍ത്തിയിലെ പന്തക്കല്‍ ഗ്രാമം ഇന്ന് കടുത്ത ഭീതിയുടെ നിഴലിലാണ്. ജനസാന്ദ്രത കൂടിയ ഈ പ്രദേശത്ത് ഇപ്പോള്‍ തന്നെ എട്ട് പെട്രോള്‍ പമ്പുകളും, 20 വിദേശ മദ്യഷോപ്പുകളും അവയുടെ മുപ്പതിലധികം ഗോഡൗണുകളും ഒമ്പത് സ്ഥിര ലൈസന്‍സുള്ള പടക്ക കടകളുമുണ്ട്.ഇവയിലെല്ലാം കൈകാര്യം ചെയ്യുന്നത് എളുപ്പം തീ പിടിക്കുന്ന വസ്തുക്കളാണെന്നത് ആശങ്കയുടെ ആക്കം കൂട്ടുന്നു. ചരിത്രത്തിലില്ലാത്ത വിധത്തില്‍ ചൂട് അനുഭവപ്പെടുന്ന ഈ കാലഘട്ടത്തില്‍ തീ കൊണ്ടുള്ള അപകടങ്ങള്‍ക്ക് സാധ്യത ഏറെയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഒരു ഡസനിലധികം വെടിമരുന്ന് അപകടങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നൂറിലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ച പുറ്റിങ്ങല്‍ ദുരന്തവും കോഴിക്കോട് മിഠായിത്തെരുവിനെ ചാമ്പലാക്കിയ തീപിടിത്തവും നടുക്കുന്ന ഓര്‍മകളായി ജനങ്ങള്‍ക്കിടയിലുണ്ട്.
ഇതിനിടയിലാണ് പുതുതായി 39 പടക്ക കടകള്‍ കൂടി തുടങ്ങാനുള്ള അപേക്ഷകള്‍ മാഹി ഭരണകൂടം പരിഗണിക്കുന്നത്. ഇതില്‍ മുപ്പതോളം കടകള്‍ പന്തക്കല്‍ പ്രദേശത്താണ് എന്നത് പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുന്നു. അങ്ങനെ വരുമ്പോള്‍ മാഹി പ്രദേശത്തെ ആകെയുള്ള 51 കടകളില്‍ 40 എണ്ണവും പന്തക്കല്‍ പ്രദേശത്ത് കേന്ദ്രീകരിക്കപ്പെടും. മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പല കടകളും അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. പടക്കങ്ങള്‍ സംബന്ധിച്ച് സുപ്രീം കോടതിയുടേത് ഉള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ നിലവിലുണ്ട്. അത് നടപ്പിലാക്കാന്‍ ഭരണകൂടം ബാധ്യസ്ഥരാണ്.