ന്യൂഡല്‍ഹി: ചെലവു ചുരുക്കല്‍ നടപടിയുടെ ഭാഗമായി പിരിച്ചുവിടാനുള്ള തൊഴിലാളികളുടെ പട്ടിക തയ്യാറാക്കാന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിസ്‌നി കമ്പനി. അടുത്തമാസത്തോടെ നാലായിരം പേരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. ഡിസ്‌നിയില്‍ ഏകദേശം 190,000 ജീവനക്കാരുണ്ട്. ആഗോള തലത്തില്‍ തന്നെ ടെക്നോളജി, മീഡിയ മേഖലകളിലെ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഇടയിലാണ് ഡിസ്‌നിയുടെ പിരിച്ചുവിടല്‍.
കഴിഞ്ഞ നവംബറില്‍ മുന്‍ സി. ഇ. ഒ ബോബ് ചാപെക്കില്‍ നിന്ന് കമ്പനിയുടെ സി. ഇ. ഒ റോബര്‍ട്ട് ഇഗര്‍ ചുമതലയേറ്റ ഉടന്‍ തന്നെ ഡിസ്നി ചെലവ് ചുരുക്കലിനും പിരിച്ചുവിടലിനുമുള്ള പദ്ധതി ആരംഭിച്ചതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അടുത്ത ആഴ്ചകളില്‍ പിരിച്ചുവിടല്‍ തുടങ്ങുമെന്ന് സൂചനകള്‍ നല്‍കുന്നതാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഘട്ടം ഘട്ടമായാണോ പിരിച്ച് വിടുന്നത് എന്ന കാര്യത്തില്‍ കമ്പനിയില്‍ നിന്ന് ഇതുവരെ അറിയിപ്പൊന്നും പുറത്ത് വന്നിട്ടില്ല. 5.5 ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കുന്നതിനും ബിസിനസ്സ് ലാഭകരമാക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി 7000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന ഡിസ്നി പ്രഖ്യാപിച്ചത്.
കമ്പനി അതിന്റെ പ്രധാന ബ്രാന്‍ഡുകളിലേക്കും ഫ്രാഞ്ചൈസികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍, ബിസിനസ് കൂടുതല്‍ ലാഭകരമാക്കാന്‍ ചെലവ് കുറയ്ക്കുകയല്ലാതെ നിവൃത്തിയില്ല എന്ന് സി.ഇ.ഒ ബോബ് ഐഗറിന്‍ വ്യക്തമാക്കിയിരുന്നു. പുതിയ പദ്ധതി പ്രകാരം, ഡിസ്‌നി മൂന്ന് സെഗ്മെന്റുകളായി കമ്പനിയെ തന്നെ പുനഃക്രമീകരിക്കും.
ആദ്യത്തേത് ഫിലിം, ടെലിവിഷന്‍, സ്ട്രീമിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു വിനോദ യൂണിറ്റ്, രണ്ടാമത്തേത് സ്പോര്‍ട്സ് കേന്ദ്രീകരിച്ചുള്ള ഇ എസ് പി എന്‍ യൂണിറ്റ്, മൂന്നാമത്തേത് ഡിസ്‌നി പാര്‍ക്കുകള്‍, ടെലിവിഷന്‍ എക്സിക്യൂട്ടീവ് ഡാന വാള്‍ഡനും ഫിലിം ചീഫ് അലന്‍ ബെര്‍ഗ്മാനും വിനോദ വിഭാഗത്തെ നയിക്കും, ജിമ്മി പിറ്റാരോ ഇ.എസ്.പി.എന്നിനെ നയിക്കും.