ഗുരുവിനെ അറിയാന്‍ ഇനിയും നമുക്ക് സാധിച്ചിട്ടില്ല: ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി

ഗുരുവിനെ അറിയാന്‍ ഇനിയും നമുക്ക് സാധിച്ചിട്ടില്ല: ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി

തലശ്ശേരി: ഗുരുകുലം എന്നത് ഒരു ബോധനമാണെന്നും, ഗുരുവിനേയും, ഗുരുദര്‍ശനങ്ങളേയും അതിന്റെ ഔന്നത്യത്തില്‍ ഉള്‍ക്കൊള്ളാന്‍ ഇനിയും നമുക്ക് കഴിയാതെ പോയത് നമ്മുടെ മനസ്സിന്റെ ചെറുപ്പം കൊണ്ടാണെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. അകവും പുറവും തമ്മിലുള്ള പൊരുത്തമാണ് ഗുരുവിന്റെ ദാര്‍ശനികതക്ക് തിളക്കമേറ്റിയത്. വിദേശ പഠന കാലത്ത് വിദേശീയരിലുടെയാണ് ഗുരുവിനെ അടുത്തറിയാനായത്. ആ മഹാമനീഷിയെ തിരിച്ചറിയാന്‍ നമ്മേക്കാള്‍ കൂടുതല്‍ കഴിയുന്നത് വിദേശിയര്‍ക്കാണെന്നത് എന്നെ അത്ഭുതപ്പെടുത്തിയ വസ്തുതയാണ്.

ഗുരുശിഷ്യരായ നടരാജഗുരുവും നിത്യ ചൈതന്യയതിയുമൊക്കെയാണ് അദ്വൈത ദര്‍ശനത്തെ ഗുരുവിന്റെ സഞ്ചാരവഴികളില്‍ ലളിതവല്‍ക്കരിക്കാനും, പ്രായോഗികതലത്തിലെത്തിക്കാനും ഏറെ ശ്രമിച്ചത്, ഗുരുവിന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ് ശിഷ്യര്‍ക്ക് ഇത് സാധിതമായത്. ദൈവവും മനുഷ്യരും തമ്മില്‍ അതിര്‍വരമ്പുകളില്ലെന്ന് നമ്മെ പഠിപ്പിച്ചത് ഗുരുവാണെന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. നാരായണ ഗുരുകുല ശതാബ്ദി ആഘോഷവും ഏഴിമല ലോകസമാധാന സമ്മേളനത്തിന്റെ അമ്പതാം വാര്‍ഷികാഘോഷവും ജഗന്നാഥ ക്ഷേത്രത്തിലെ ശ്രീ നാരായണ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ഗുരുവിന്റെ ദര്‍ശനങ്ങള്‍ ആധുനിക ശാസ്ത്രത്തിന് ഉതകുന്ന രീതിയില്‍ പൊതുജനത്തെ പരിചയപ്പെടുത്തുകയാണ് നാരായണ ഗുരുകുലം സംഘടിപ്പിക്കുന്ന പരിപാടികളുടെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്വാമി ത്യാഗീശ്വരന്‍ പറഞ്ഞു. സ്വാമി പ്രബോധ തീര്‍ത്ഥ മുഖ്യാതിഥിയായി. ഡോ. സുഗീത എഴുതിയ ‘ഗുരു വഴി’ എന്ന പുസ്തകം സ്വാമി ത്യാഗിശ്വരന്‍ പ്രകാശനം ചെയ്തു. ശ്രീ നാരായണ ഗുരു അന്തര്‍ദ്ദേശീയ പഠന ഗവേഷണ കേന്ദ്രം മുന്‍ ഡയരക്ടര്‍ ഡോ. ബി.സുഗീത മുഖ്യഭാഷണം നടത്തി. ഖുര്‍ ആന്‍ പണ്ഡിതന്‍ മുസ്തഫ മൗലവി അനുഗ്രഹഭാഷണം നടത്തി സ്വാമി ആനന്ദ തീര്‍ത്ഥ, ട്രസ്റ്റ് പ്രസിഡന്റ് ടി.വി വസുമിത്രന്‍ എന്‍ജിനീയര്‍, ശ്രീജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ.സത്യന്‍, പ്രേമാനന്ദ സ്വാമികള്‍, സി.പി സുരേന്ദ്രനാഥ്, പി.യു രാമകൃഷ്ണന്‍ എന്‍ജിനീയര്‍, പ്രാപ്പൊയില്‍ നാരായണന്‍ മാസ്റ്റര്‍ സംസാരിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഇ.ബി അരുണ്‍ സ്വാഗതവും മൈത്രി ടീച്ചര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *