കോഴിക്കോട്: വര്‍ഷങ്ങളായി കോഴിക്കോട് ബാങ്ക് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന എയര്‍ ഇന്ത്യ മേഖലാ ഓഫീസ് നിര്‍ത്തലാക്കിയത് പുനഃസ്ഥാപിക്കണമെന്ന് എയര്‍പോര്‍ട്ട് മുന്‍ ഉപദേശക സമിതി അംഗവും മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റുമായ ഷെവ. സി. ഇ ചാക്കുണ്ണി അധികൃതരോട് പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ പിന്‍വലിക്കുന്നതിനു മുന്നോടിയായി കരിപ്പൂരിലെ ബേസ് സ്റ്റേഷന്‍ അടച്ച് പൂട്ടാനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കാബിന്‍ ക്രൂ, എയര്‍ഹോസ്റ്റസ് എന്നിവരുടെ ബേസ് സ്റ്റേഷന്‍ കോഴിക്കോട് നിന്ന് ഡല്‍ഹി, മുംബൈ, ബംഗളൂരുവിലേക്കാണ് മാറ്റിയത്. ഇതുമൂലം ബിസിനസ് ക്ലാസ് യാത്ര സൗകര്യവും നഷ്ടപ്പെടും. എയര്‍ഇന്ത്യയുടെ 321വിമാന സര്‍വീസ് നഷ്ടപ്പെടുന്നതോടുകൂടി യു.എ.ഇയിലേക്കുള്ള കയറ്റുമതിയെ സാരമായി ബാധിക്കും.
ഷാര്‍ജ- കോഴിക്കോട്-ഷാര്‍ജ, ദുബായ്- കോഴിക്കോട്- ദുബായ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കൈമാറുമെന്നാണ് മനസിലാക്കുന്നത്. എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന എ 310 ഇനം വിമാനങ്ങളില്‍ 220 യാത്രക്കാര്‍ക്കും 50 ടണ്‍ചരക്കും കയറ്റാന്‍ സാധിക്കും. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉപയോഗിക്കുന്ന ബി 737-800 വിമാനങ്ങളില്‍ 130 യാത്രക്കാര്‍ക്കും യാത്രക്കാരുടെ ലഗേജ് ഉള്‍പ്പെടെ 19 ടണ്‍ മാത്രമേ ഭാരം കയറ്റാന്‍ കഴിയുകയുള്ളൂ.
എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്ത് കോഴിക്കോട് നിന്ന് കൂടുതല്‍ ദേശീയ-അന്തര്‍ ദേശീയ സര്‍വീസുകളും മെച്ചപ്പെട്ട സേവനവും പ്രതീക്ഷിക്കുമ്പോഴാണ് ഒരു വര്‍ഷത്തിനുള്ളില്‍ അപ്രതീക്ഷിത തിരിച്ചടി. സൗദി എയര്‍ലൈന്‍സും, എമിറേറ്റ്‌സും കഴിഞ്ഞ വര്‍ഷങ്ങളിലാണ് അവരുടെ കോഴിക്കോട് മേഖല ഓഫിസുകളും എയര്‍പോര്‍ട്ടിലെ കൗണ്ടറുകളും ഗ്രൗണ്ട്ഹാന്‍ഡിലിങ്ങ് സംവിധാനവും കോഴിക്കോട് നിന്ന് മാറ്റിയത്. എയര്‍ ഇന്ത്യ ബേസ് സ്റ്റേഷന്‍ ഇവിടെ തന്നെ നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരും വിമാനത്താവളം ഉപദേശ സമിതിയും ജനപ്രതിനിധികളും സംഘടനകളും ബന്ധപ്പെട്ടവരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ചാക്കുണ്ണി ആവശ്യപ്പെട്ടു.