ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാല്‍ പഞ്ചാബിലെ ഷാഹ്കോട്ട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത്പാലിനെ വധിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ച് ‘വാരിസ് പഞ്ചാബ് ദേ’ സംഘടനാ നിയമോപദേഷ്ടാവ് ഇമാന്‍ സിംഗ് ഖാര രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കി.
ഇത് ഒരു കള്ളനും പൊലീസും കളിയാണെന്നായിരുന്നു ജലന്ധര്‍ പൊലീസ് മേധാവി കുല്‍ദീപ് ചഹല്‍ വിശേഷിപ്പിച്ചത്. ‘അമൃത്പാല്‍ സിംഗിന്റെ മിക്ക അനുയായികളെയും ഞങ്ങള്‍ പിടികൂടി. പക്ഷേ അമൃത്പാല്‍ രക്ഷപ്പെടുകയാണ് ചെയ്തത്. ഉടനെ തന്നെ അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്യും. ക്രമസമാധാനം പാലിക്കുകയെന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം’, പൊലീസ് പറഞ്ഞു.പഞ്ചാബില്‍ തിങ്കളാഴ്ച കൂടി ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. അതേസമയം അമൃത്പാലിന്റെ അറസ്റ്റിലായ അനുയായികളെ പൊലീസ് അസമിലെ ദിബ്രുഗഢിലേക്ക് മാറ്റി. ഇതുസംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അനുയായികളെ അസമിലേക്ക് മാറ്റിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ദിബ്രുഗഢ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി പാര്‍പ്പിച്ചേക്കും.