കോഴിക്കോട്: കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സെക്കന്റ് പെന്‍ ഐ.എം.എയുട സഹകരണത്തോടെ ഐ.എം.എ ഹാളില്‍ വച്ച് കവി പി.പി ശ്രീധരനുണ്ണിയുടെ ‘ഇദം സര്‍വ്വം മമ’ എന്ന കാവ്യസമാഹാരം നോവലിസ്റ്റ് യു.കെ കുമാരന്‍, ഡോ.കെ സുഗതന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഹാസ്യ രചനകള്‍ വിരളമായി കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ‘ഇദം സര്‍വ്വം മമ’ എന്ന ഹാസ്യകവിതാ സമാഹാരം സാമൂഹത്തിലെ ഒട്ടനവധി പ്രശ്‌നങ്ങള്‍ക്കുനേരെയാണ് വിരല്‍ചൂണ്ടുന്നതെന്ന് യു.കെ കുമാരന്‍ പറഞ്ഞു. പട്ടാപ്പകല്‍ കൈയ്യില്‍ ഒരു റാന്തല്‍ വിളക്കുമായി സത്യസന്ധനായ ഒരു മനുഷ്യനെ കണ്ടെത്താന്‍ അലഞ്ഞ ഗ്രീക് തത്വചിന്തകന്‍ ഡയോജനീസിനെ പോലെ ആ കര്‍ത്തവ്യം സ്വയം ഏറ്റെടുക്കുകയാണ് ശ്രീധരനുണ്ണി.
ആത്മ രതിയിലഭിരമിക്കുന്ന ഒരു അരാഷ്ട്രീയ സമൂഹവും അവര്‍ സൃഷ്ടിച്ച സര്‍ക്കാരുകളും ഇവയ്ക്കനുസൃതമായി പരുവപ്പെട്ട ബ്യൂറോക്രസിയും മുഖം നഷ്ടപ്പെട്ട നാലാംതൂണും മലീമസമായ സാമൂഹ്യ മാധ്യമങ്ങളും അന്തസാര ശൂന്യങ്ങളായ പ്രസ്ഥാനങ്ങളും അന്ധവിശ്വാസങ്ങളിലും ആചാരങ്ങളിലും ആണ്ടുപോയ അഭ്യസ്തവിദ്യരും ഏതോ സുരക്ഷിത പക്ഷങ്ങളില്‍ കൂടുകൂട്ടിക്കഴിഞ്ഞ സാഹിത്യ-സാംസ്‌കാരിക നായകന്മാരും വാഴുന്ന സമൂഹത്തിനുമുന്നില്‍ നിശബ്ദമാക്കപ്പെട്ട ഗാന്ധി ശബ്ദമാണ് മുഖംമൂടിയണിഞ്ഞ് ഈ കവിതകളിലൂടെ നിര്‍ത്താതെ ശ്രീധരനുണ്ണി പറയുന്നത് എന്ന് പുസ്തക പരിചയം നടത്തിക്കൊണ്ട് എ.എസ് ഹരീന്ദ്രനാഥ് പറഞ്ഞു. ‘ഒന്നും എന്റെ അല്ല’ എന്ന മഹത്തായ ദര്‍ശനത്തെ ‘എല്ലാം എന്റേതാണ്’ എന്ന പുതിയ കാലത്തെയാണ് കവി വിമര്‍ശിക്കുന്നതെന്ന് ഡോ. കെ.സുഗതന്‍ പറഞ്ഞു. ടി.പി മമ്മു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ.എന്‍.എം സണ്ണി, കെ.ജി.രഘുനാഥ്, മോഹനന്‍ പുതിയോട്ടില്‍, ഷിയാസ് മുഹമ്മദ്, സി.പി.എം അബ്ദു റഹ്‌മന്‍ , ദീപാ രഘുനാഥ് എന്നിവരും പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.