തലശ്ശേരി: വിഖ്യാത മാപ്പിളപ്പാട്ടു രചയിതാവും ഗ്രന്ഥകാരനുമായ ഒ.ആബുവിന്റെ പേരില്‍ തലശ്ശേരി മാപ്പിള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ പതിനാലാമത് ഒ.ആബു സ്മാരക അവാര്‍ഡ് മാപ്പിളപ്പാട്ട് രചയിതാവും മാപ്പിള കലാ ഗവേഷകനുമായ പക്കര്‍ പന്നൂരിന്. ഫൈസല്‍ എളേറ്റില്‍, ടി.കെ.ഡി മുഴപ്പിലങ്ങാട്, എ.കെ.മുസ്തഫ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 10001 രൂപയും ശില്‍പവുമടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ അവസാന വാരം തലശ്ശേരിയില്‍ നടക്കുന്ന ചടങ്ങില്‍വച്ച് സമ്മാനിക്കുമെന്ന് മാപ്പിള കലാകേന്ദ്രം പ്രസിഡന്റ് പ്രൊഫ.എ.പി സുബൈര്‍, ജന.സെക്രട്ടറി ഉസ്മാന്‍ പി. വടക്കുമ്പാട് എന്നിവര്‍ അറിയിച്ചു. സര്‍ക്കാര്‍, സര്‍ക്കാരേതര സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന സെമിനാറുകളിലും ക്ലാസുകളിലും മാപ്പിള കലാ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന പക്കര്‍, സ്‌കൂള്‍ കലോത്സവങ്ങളില്‍ സ്ഥിരം വിധികര്‍ത്താവാണ്. കോഴിക്കോട് കൊടുവള്ളിക്കടുത്ത് പന്നൂര്‍ സ്വദേശിയായ ഇദ്ദേഹം, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്.