കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവധക്കേസിലെ വിധി ഇന്ന് പ്രഖ്യാപിച്ചേക്കും. മണ്ണാര്‍ക്കാട് എസ്.സി.എസ്.ടി കോടതിയാണ് കേസിലെ വിധി പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന്റെ അന്തിമവാദം പൂര്‍ത്തിയായത്. 2018 ഫെബ്രുവരി 22നാണ് കൊലപാതകം നടന്നത്. 2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ മധുവിനെ മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു.
ചിണ്ടക്കി ആദിവാസി ഊരിലെ കുറുമ്പ സമുദായക്കാരനായിരുന്നു മധു. വീട്ടില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയില്‍ കഴിഞ്ഞു വരികയായിരുന്നു. 16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പെടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.