കോഴിക്കോട്: കോഴിക്കോട്ടെ ആശുപത്രിയില്‍ ഡോക്ടറെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വൈകിട്ട് ആറു വരെ ഒ.പികള്‍ പ്രവര്‍ത്തിക്കില്ല. കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാണ് പ്രധാന ആവശ്യം.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഐ.എം.എയുടെ നേതൃത്വത്തിലുളള സമരം. ഇതിനോടനുബന്ധിച്ച് സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ ഉണ്ടാകില്ലെങ്കിലും അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയ വിഭാഗവും മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. കേരള ഗവണ്‍മെന്റ് പോസ്റ്റ് ഗ്രാജുവെറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന്‍, കേരള ഗവണ്‍മെന്റ് സ്പെഷലിസ്റ്റ് ഡോക്ടഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയും പണിമുടക്കില്‍ പങ്കെടുക്കും.
ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, ആശുപത്രി ആക്രമണങ്ങളെക്കുറിച്ച് ഹൈക്കോടതി, നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുക, ഫാത്തിമ ആശുപത്രിയില്‍ ആക്രമണം നടന്നപ്പോള്‍ പ്രതികള്‍ രക്ഷിക്കപ്പെടുവാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുക, പ്രതിഷേധ സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കുക, തുടങ്ങിയവയാണ് ഐ.എം.എ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങള്‍.