തലശ്ശേരി: തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍ വികസനം ത്വരിതപ്പെടുത്താന്‍ പാലക്കാട് റെയില്‍വെ ഡിവിഷന്‍ അധികൃതര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. തലശ്ശേരി വികസന വേദി നേതാക്കള്‍ 11 ആവശങ്ങളടങ്ങിയ നിവേദനം, പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നല്‍കി. ഇതില്‍ മിക്കതുലും പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ യശ്പാല്‍ സിങ്ങ് തോമര്‍ അനുകൂല നിലപാടെടുക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ വിഷയം അദ്ദേഹം അതീവ ശ്രദ്ധയോടെ കേള്‍ക്കുകയും , അതിന് ആവശ്യമായ സ്ഥലം സന്ദര്‍ശിക്കുകയും, ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ ആരായുകയും ചെയ്തു.
ദീര്‍ഘദൂരയാത്രക്കാര്‍ക്കും രോഗികള്‍ക്കും അത്യാവശ്യമായ എ.സി,നോണ്‍ എ.സി, സൗകര്യങ്ങളോടെയുളള റിട്ടയറിങ്ങ് റൂമുകള്‍ എത്രയും വേഗത്തില്‍ നടപ്പിലാക്കുമെന്നും, രണ്ട് പ്ലാറ്റ്‌ഫോമുകളിലേയും ടിക്കറ്റ് കൗണ്ടറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുമെന്നും, 2012ല്‍ മരം മുറിക്കുന്നതിന്റെ ഭാഗമായി തകര്‍ന്നിട്ടുള്ള ആസ്ബറ്റോസ് മേല്‍ക്കൂരകള്‍ (റൂഫ് ) എത്രയും പെട്ടെന്ന് പുനഃനിര്‍മിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. തലശ്ശേരിയില്‍ നിര്‍ത്താതെ കടന്ന് പോവുന്ന 19 ട്രെയിനുകള്‍ നിര്‍ത്തുന്നതിന് ആവശ്യമായ ക്രമീകരണമായ അയലന്റ് പ്ലാറ്റ്‌ഫോമും, മട്ടന്നൂര്‍ വിമാനത്താവളത്തിലേക്കുളള പുതിയ റെയില്‍പ്പാതയുടെ കാര്യവും, ഇ. അഹമ്മദ് റെയില്‍വേ സഹമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ 2005ല്‍ കണ്ണൂരില്‍ അനുവദിച്ചിട്ടുളള’പിറ്റ് ലൈ ന്‍’പദ്ധതിയും സ്ഥല സൗകര്യമേറെയുള്ള തലശ്ശേരിയില്‍ നടപ്പിലാക്കുന്ന കാര്യം സീനിയര്‍ ഉദ്യോഗ സ്ഥരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കൂടാതെ രണ്ട് പ്ലാറ്റ്‌ഫോമുകളുടേയും മുന്നിലുളള വിശാലമായ സ്ഥലം വിപുലമായ പാര്‍ക്കിങ്ങ് ആവശ്യത്തിനായി വിപുലീകരിക്കുമെന്നും, നിലവിലെ യാത്രക്കാരുടെ വിശ്രമമുറി വലുതാക്കി മാറ്റുമെന്നും കൂടുതല്‍ ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തി സ്റ്റേഷന്‍ മുഴുവനായും മോടി പിടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ ‘അമൃത് ‘ പദ്ധതിയിലുള്‍പ്പെടുത്തി 12 കോടി രൂപയുടെ പുതിയ വികസന പ്രവര്‍ത്ത നങ്ങളും പഴയതിന്റെ നവീകരണ പ്രക്രിയയും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഡിവിഷണല്‍ റെയില്‍വേ മാനേജരുടേയും ഉദ്യോഗസ്ഥ സംഘത്തിന്റേയും തലശ്ശേരി സന്ദര്‍ശനം.