ടെല്‍ അവീവ്: കൊവിഡിന്റെ തിരിച്ചറിയപ്പെടാത്ത പുതിയ വകഭേദം കണ്ടെത്തി. ഇസ്രയേലിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. വിദേശത്ത് നിന്നും എത്തിയ രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഒമിക്രോണിന്റെയും ബിഎ. 2ന്റെയും സംയോജിത രൂപമാകാം ഇവരില്‍ കണ്ടെത്തിയതെന്ന് ആരോഗ്യ വിദഗ്ധര്‍ സംശയിക്കുന്നു. പനി, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികള്‍ക്ക് ഉള്ളത്. ഒമിക്രോണ്‍ വ്യാപനം ആഗോള തലത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. രോഗം ബാധിച്ചവരെ കര്‍ശനമായി നിരീക്ഷിക്കുമെന്നും കൊവിഡിന്റെ പുതിയ വകഭേദത്തെ കുറിച്ച് ഗവേഷണങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതായും ഇസ്രയേല്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം, പുതിയ വകഭേദത്തിന്റെ വ്യാപന ശേഷിയോ മരണ നിരക്കോ എത്രയാണ് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. വ്യാപന ശേഷി കൂടിയ ഒമിക്രോണ്‍ വകഭേദവും രോഗലക്ഷണങ്ങള്‍ കഠിനമായ ബിഎ.2 വകഭേദവും കൂടിച്ചേര്‍ന്ന് ഉണ്ടായിരിക്കുന്ന പുതിയ രൂപാന്തരത്തിന്റെ സവിശേഷതകള്‍ എപ്രകാരമായിരിക്കും എന്ന കാര്യത്തില്‍ നിലവില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.