കോഴിക്കോട്: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്കും മറ്റും തോന്നിയ രീതിയില്‍ വില ഈടാക്കുന്ന നടപടിക്കെതിരേയും ഭക്ഷ്യ ഉത്പാദനങ്ങള്‍ക്ക് സംസ്ഥാനത്തില്‍ ഉടനീളം ഒറ്റ വില നടപ്പിലാക്കുന്ന വില നിലവാര നിര്‍ണയ കമ്മിഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ലോക ഉപഭോക്തൃ ദിനാചാരണത്തിന്റെ ഭാഗമായി ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍ കേരള ഉത്തര മേഖല കമ്മിറ്റി സംഘടിപ്പിച്ച ഉപഭോക്താക്കളുടെ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ഭക്ഷണം, മരുന്ന്, എന്നിവയുടെ ഗുണനിലവാരത്തെക്കുറിച്ച് ജനകീയ ബോധവത്കരണ ക്യാമ്പുകള്‍ വില്ലേജുകള്‍ തോറും സംഘടിപ്പിക്കുവാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും തയ്യാറാകണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ഇന്‍ഡോര്‍ സ്‌റ്റേഡിയം ഓഡിറ്റോറിയത്തില്‍ നടന്ന ഉപഭോക്തൃ കണ്‍വെന്‍ഷനും ഉപഹാര സമര്‍പ്പണവും റിട്ട.ജില്ലാ സെഷന്‍സ് ജഡ്ജ് കൃഷ്ണന്‍ കുട്ടി പയിമ്പ്ര ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. ടി.എം. സത്യജിത് പണിക്കര്‍, ടി.എ.സലാം, ബാലന്‍ കാട്ടുങ്ങല്‍, മോളി കോടഞ്ചേരി, ബിജു.വി. രാഘവ്, സിന്‍സി സുധീഷ്, കെ.പി.ലാലു വിശ്വനാഥന്‍, വി. അനില്‍കുമാര്‍, എ.പി. റാണി, ലല്ലി പ്രേമന്‍, റോസമ്മ തോമസ്, ജയരാജന്‍ അനുഗ്രഹ എന്നിവര്‍ സസാരിച്ചു.