കൊച്ചി: ആദ്യ കേരള സന്ദര്‍ശനത്തിന് കൊച്ചിയിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് സന്ദര്‍ശിച്ച ശേഷം ഐ.എന്‍.എസ് ദ്രോണാചാര്യയിലെ പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും. ഐ.എന്‍.എസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘നിഷാന്‍’ ദ്രൗപദി മുര്‍മു സമ്മാനിക്കും. വൈകിട്ട് 4.20 നാണ് ചടങ്ങ്.
നാളെ രാവിലെ 9.30ന് കൊല്ലം വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പൗരസ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. മാര്‍ച്ച് 18ന് രാവിലെ കന്യാകുമാരി സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ഉച്ചയോടെ ലക്ഷദ്വീപിലേക്ക് പോകും.
ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാകും ഡല്‍ഹിയിലേക്ക് മടങ്ങുക.