മഹാരാഷ്ട്രയെ വിറപ്പിച്ച് വീണ്ടും കര്‍ഷക-ആദിവാസി ലോങ് മാര്‍ച്ച്

 മഹാരാഷ്ട്രയെ വിറപ്പിച്ച് വീണ്ടും കര്‍ഷക-ആദിവാസി ലോങ് മാര്‍ച്ച്

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ചു വര്‍ഷത്തിനു ശേഷം വിവിധ ആവശ്യങ്ങളുന്നയിച്ച് വീണ്ടും കര്‍ഷകരുടെ ലോങ് മാര്‍ച്ച്. ആദിവാസികളും കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും നാസിക്കില്‍ നിന്ന് മുംബൈയിലേക്കാണ് കാല്‍നട റാലിയുമായി  രംഗത്തെത്തുന്നത്. വനാവകാശ നിയമം നടപ്പാക്കുക, കാര്‍ഷിക വായ്പ എഴുതിത്തള്ളുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാല്‍നട ജാഥ. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ കിസാന്‍ സമിതിയാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. ഇതുവരെ പതിനായിരക്കണക്കിന് കര്‍ഷകരും ആദിവാസികളും റാലിയില്‍ പങ്കുചേര്‍ന്നു.

ഉള്ളി, പരുത്തി, സോയാബീന്‍, ചെറുപയര്‍ തുടങ്ങിയ വിളകള്‍ക്ക് മതിയായ വില ലഭ്യമാക്കണമെന്ന ആവശ്യങ്ങളുള്‍പ്പെടെ 17 ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ഉള്ളി, പരുത്തി തുടങ്ങിയ വിളകള്‍ക്ക് ന്യായവും ലാഭകരവുമായ വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ബുദ്ധിമുട്ട് നേരിടുകയാണ്. സമ്പൂര്‍ണ കാര്‍ഷിക-വായ്പ എഴുതിത്തള്ളല്‍, കാര്‍ഷകരുടെ എല്ലാ വൈദ്യുതി ബില്ലുകളും എഴുതിത്തള്ളല്‍, 12 മണിക്കൂര്‍ വൈദ്യുതി വിതരണം, വാര്‍ദ്ധക്യകാല പെന്‍ഷന്‍ വര്‍ധനവ്, 1.7 ദശലക്ഷം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കുന്നത്.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ഡോ. അശോക് ധാവ്‌ലെയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. മുന്‍ എംഎല്‍എ ജീവ പാണ്ഡു ഗാവിത്, എഐകെഎസ് നേതാവ് ഡോ അജിത് നവലെ, ഉദയ് നര്‍ക്കര്‍, സി.പി.ഐ.എം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി സെക്രട്ടറി അടക്കം കൂടുതല്‍ പേരും പ്രതിഷേധക്കാര്‍ക്കൊപ്പം ചേരും. വനാവകാശ നിയമം നടപ്പാക്കല്‍ ഒച്ചിന്റെ വേഗത്തിലാണ് നടക്കുന്നത്. സര്‍ക്കാര്‍ അതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നില്ലെന്ന് അശോക് ധാവ്‌ലെ പറഞ്ഞു. ചില ആവശ്യങ്ങള്‍ മാത്രം പാതി നടപ്പാക്കി സര്‍ക്കാര്‍ പിന്‍വാങ്ങി. ബാക്കിയുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. ഇതാണ് വീണ്ടും സമരത്തിന് പ്രേരിപ്പിച്ചതെന്നും സമരക്കാര്‍ പറഞ്ഞു. അതേസമയം, ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് പ്രതിഷേധക്കാര്‍ മുംബൈയിലെത്താനുള്ള സാധ്യത ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. പ്രതിഷേധക്കാരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

2018 മാര്‍ച്ചിലാണ് രാജ്യം ഉറ്റുനോക്കിയ കര്‍ഷക ലോങ് മാര്‍ച്ച് നടന്നത്. 70,000 കര്‍ഷകരും ആദിവാസികളും കര്‍ഷകത്തൊഴിലാളികളും നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്ററോളം മാര്‍ച്ച് നടത്തി. മാര്‍ച്ച് 6 മുതല്‍ 12 വരെ മുംബൈയിലേക്ക് നഗ്‌നപാദരായാണ് സമരക്കാര്‍ എത്തിയത്. ചിത്രങ്ങളും വാര്‍ത്തകളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ശ്രദ്ധിക്കപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *