അങ്കാറ: ഭൂകമ്പത്തിന് പിന്നാലെ തുര്‍ക്കിയില്‍ അതിശക്തമായ മഴയും വെള്ളപ്പൊക്കവും. ഭൂകമ്പത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും രൂക്ഷമാണ്. വെള്ളപ്പൊക്കത്തില്‍ 13 പേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി രണ്ട് പ്രവിശ്യകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. തെക്കുകിഴക്കന്‍ അഡിയമാന്‍ പ്രവിശ്യയിലെ ടുട്ട് പട്ടണത്തില്‍ രണ്ടു പേര്‍ മരിച്ചു. ഭൂകമ്പത്തെ അതിജീവിച്ചവര്‍ അഭയംതേടിയ കണ്ടെയ്നര്‍ ഹോം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതായി ഹേബര്‍ടര്‍ക്ക് ടിവി റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ വെള്ളപ്പൊക്കത്തില്‍ നാലു പേര്‍ മരിച്ചതായി സാന്‍ലിയൂര്‍ഫ പ്രവിശ്യയുടെ ഗവര്‍ണര്‍ സാലിഹ് അയ്ഹാന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ സാന്‍ലിയൂര്‍ഫയിലെ ബേസ്മെന്റ് അപ്പാര്‍ട്ട്മെന്റിനുള്ളില്‍ അഞ്ച് സിറിയന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
അടിപ്പാതയില്‍ കുടുങ്ങിയ വാനിനുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഭൂകമ്പത്തെ അതിജീവിച്ചവര്‍ അഭയം പ്രാപിച്ച ക്യാമ്പില്‍നിന്ന് നിരവധി ആളുകളെ ഒഴിപ്പിച്ചു. ഒരു ആശുപത്രിയില്‍നിന്ന് രോഗികളെ ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.