ന്യൂഡല്‍ഹി: ഓരോ പരിസ്ഥിതി മേഖലകളുടേയും പ്രത്യേകത കണക്കിലെടുത്ത് ബഫര്‍ സോണ്‍ നിശ്ചയിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് സുപ്രീം കോടതി സൂചന നല്‍കി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തും. ഈ മേഖലകളില്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് സുപ്രീം കോടതി വാക്കാല്‍ വ്യക്തമാക്കി.
ബഫര്‍ സോണ്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക അനുമതി നല്‍കണമെന്ന വാദിച്ച കേരളം സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും ബഫര്‍സോണ്‍ വേണ്ട എന്ന നിലപാട് സുപ്രീം കോടതിയില്‍ ഉന്നയിച്ചില്ല. വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസികളുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി അന്തിമ കരട് വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് ഇളവനുദിക്കണമെന്ന് ആവശ്യപ്പെട്ടു.
പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് പുനരധിവസിപ്പിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന സ്‌കീം മഹാരാഷ്ട്ര അടക്കം പല സംസ്ഥാനങ്ങളിലും നിലവിലുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, കേരളത്തില്‍ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതിനാല്‍ സ്ഥലപരിമിതി കാരണം പുനരധിവാസം പ്രായോഗികമല്ലെന്ന് കേരളം കോടതിയെ ബോധ്യപ്പെടുത്തി.
കേരളത്തിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.