പ്ലസ്ടു വിദ്യാര്‍ഥിയെ നിര്‍ബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിച്ച യു.പി സ്വദേശിനിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പ്ലസ്ടു വിദ്യാര്‍ഥിയെ നിര്‍ബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിച്ച യു.പി സ്വദേശിനിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത മലയാളി വിദ്യാര്‍ഥിയെ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് പ്രേരിപ്പിച്ച് പണ പിരിവ് നടത്തിയെന്ന കേസില്‍ യുപി സ്വദേശിനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തിരുവനന്തപുരം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയുടെയും രക്ഷിതാക്കളുടെയും അറിവോ സമ്മതമോ ഇല്ലാതെയാണ് യു.പി സ്വദേശിനി വിദ്യാര്‍ഥിയ്ക്ക് നിര്‍ബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ പണപ്പിരിവ് നടത്തിയത് എന്ന് കുട്ടിയുടെ മാതാപിതാക്കള്‍ സംസ്ഥാനസര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നു. കേസില്‍ സംസ്ഥാനം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യാനും സംസ്ഥാനത്തിന് നോട്ടീസ് അയ്ക്കാനും സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിലാണ് സംസ്ഥാനം മറുപടി നല്‍കിയത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാര്‍ഥിയോട് സഹതാപം തോന്നി പണപ്പിരിവിനായി തന്റെ ബാങ്കിംഗ് വിവരങ്ങള്‍ നല്‍കിയതാണെന്നും മറ്റ് ഇടപെടലുകള്‍ വിദ്യാര്‍ഥി തന്നെയാണ് നേരിട്ട് നടത്തിയതെന്നുമാണ് യുവതിയുടെ വാദം. താന്‍ ഇതിന് നിര്‍ബന്ധിച്ചിട്ടില്ലെന്നും മറിച്ച് കുട്ടിയുടെ ആവശ്യത്തോട് അവര്‍ അനുഭാവപൂര്‍വ്വം ഇടപെടുകയായിരുന്നെന്നും യുവതി വാദിച്ചു.കേസിലെ പ്രതിയായ ഇരുപത്തിനാലുകാരിയുടെ ഹര്‍ജിയെ പൂര്‍ണമായി എതിര്‍ക്കുകയാണ് സംസ്ഥാനം. ഹോര്‍മോണ്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിദ്യാര്‍ഥിയെ കരുവാക്കി പണപ്പിരിവ് നടത്തിയെന്ന് തിരുവനന്തപുരം സ്വദേശിയായ പ്ലസ്ടുകാരന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് കേരള സൈബര്‍ പൊലീസ് കേസ് എടുത്തത്.

അന്വേഷണത്തില്‍ വിദ്യാര്‍ഥിയുടെയോ, മാതാപിതാക്കളുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് യുവതി ഓണ്‍ലൈന്‍ വഴി പണപ്പിരിവ് നടത്തിയതെന്ന് സംസ്ഥാനം പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുടെ ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തി പണപ്പിരിവ് നടത്തി. കൂടാതെ കേസിലെ മറ്റു രണ്ട് പ്രതികളായ മുകേഷ് ചൗധരിയെ വിദ്യാര്‍ഥിയുടെ രക്ഷിതാവായി ചിത്രീകരിച്ച് പണം സ്വീകരിക്കുന്നതിനായി കാര്‍ത്തികേയ മല്‍ഹോത്രയുടെയും യുവതിയുടെയും അക്കൗണ്ട് നമ്പറും നല്‍കി. പണം തട്ടിയെടുക്കുന്നതിനുള്ള ഉപകരണമായി വിദ്യാര്‍ഥിയെ ഉപയോഗിച്ചു. ഇതിനായ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും സംസ്ഥാനം സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

ഹൈക്കോടതിയടക്കം കേസിന്റെ ഗൗരവം കണക്കിലെടുത്ത് യുവതിയുടെ ജാമ്യാപേക്ഷ തള്ളിയതാണ്. ഇത്രയെറെ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഇത്തരം ഒരു തട്ടിപ്പ് നടത്താന്‍ യുവതി ശ്രമിച്ചെന്നും, മാത്രമല്ല ഈ തട്ടിപ്പിന് പിന്നില്‍ രാജ്യന്തര നിര്‍ബന്ധിത ലിംഗമാറ്റ സംഘത്തിന് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണം. ഇതിന് യുവതിയുടെ അറസ്റ്റ് പ്രധാനപ്പെട്ടതാണെന്നും ജാമ്യപേക്ഷ തള്ളണമെന്നും സംസ്ഥാനം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൊണ്‍സല്‍ ഹര്‍ഷദ് വി. ഹമീദാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ വിദ്യാര്‍ഥിയുടെ മാതാപിതാക്കളും കക്ഷി ചേര്‍ന്നു. പ്രതിയായ യുവതിക്കായി അഭിഭാഷകരായ ദിവാന്‍ ഫാറൂഖ്, ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കര്‍ എന്നിവരാകും ഹാജരാകുക. അഭിഭാഷകന്‍ സന്ദീപ് സിങ്ങാണ് വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ അഭിഭാഷകന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *