തിരുവനന്തപുരം: സര്‍ക്കാര്‍ പ്രൈമറി ഹെഡ് മാസ്റ്റര്‍മാര്‍ പ്രഥമാധ്യാപക തസ്തികയില്‍ വന്നിട്ട് ഒന്നര വര്‍ഷത്തിലധികമായിട്ടും അര്‍ഹമായ ശമ്പള സ്‌കെയില്‍ അനുവദിക്കാതെ പ്രൈമറി ഹെഡ്മാസ്റ്റര്‍മാരേട് വിവേചനം തുടരുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയും ഉച്ചഭക്ഷണ തുക വര്‍ധിപ്പിക്കാതെയും നാല് മാസമായി ഉച്ചഭക്ഷണ തുക ലഭ്യമാക്കാതെയും പ്രൈമറി പ്രധാനാധ്യാപകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നതിനെതിരേയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കേരള ഗവ. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ (കെ.ജി.പി.എച്ച്.എസ്.എ) ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ പ്രഥമാധ്യാപകര്‍ മാര്‍ച്ച് 21 ന് (ചൊവ്വ) ഔദ്യോഗിക ജോലികള്‍ നിര്‍വഹിച്ച് കൊണ്ട് തന്നെ ഉച്ചഭക്ഷണം ഉപേക്ഷിച്ച് പട്ടിണി ദിനം ആചരിക്കും.
പല തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നെങ്കിലും അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹെഡ്മാസ്റ്റര്‍മാര്‍ പട്ടിണി സമരത്തിലേക്ക് നീങ്ങുന്നത്. പ്രഥനാധ്യാപക യോഗ്യത സംബന്ധിച്ച കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ കേസിന്റെ അന്തിമവിധി വന്നതിനു ശേഷം മാത്രമേ ശമ്പള സ്‌കെയില്‍ അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, കോടതി വിധി എതിരായത് മൂലം ഏതെങ്കിലും പ്രധാനധ്യാപകരുടെ സ്ഥാനകയറ്റം റദ്ദാക്കുന്ന അവസ്ഥ വന്നാല്‍ അവര്‍ അധികമായി കൈപ്പറ്റിയ തുക ഈടാക്കാന്‍ നിലവില്‍ വ്യവസ്ഥകള്‍ ഉണ്ട് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. അര്‍ഹമായ ശമ്പള സ്‌കെയില്‍ ലഭിക്കാതെ ധാരാളം പ്രധാനധ്യാപകര്‍ കഴിഞ്ഞവര്‍ഷം സര്‍വീസില്‍ നിന്ന് വിരമിച്ചു. ഈ വര്‍ഷവും നൂറ് കണക്കിന് പേര്‍ വിരമിക്കാന്‍ പോകുന്നു. ഇവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എയ്ഡഡ് സ്‌കൂളില്‍ പുതുതായി ചാര്‍ജെടുത്ത പ്രധാനാധ്യാപകര്‍ക്ക് ശമ്പള സ്‌കെയിലും ആനുകൂല്യങ്ങളും നല്‍കിയ സര്‍ക്കാര്‍ പി.എസ്.സി വഴി ജോലിയില്‍ കയറിയ സര്‍ക്കാര്‍ മേഖലയിലുള്ളവരോടാണ് ഈ ചിറ്റമ്മ നയം തുടരുന്നത് തികഞ്ഞ അനീതിയാണെന്ന് സംഘടന ആരോപിച്ചു.
സമരം വിജയിപ്പിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സബ് ജില്ലകളിലും പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. കെ.ജി.പി.എസ്.എച്ച്.എ സംസ്ഥാന പ്രസിഡണ്ട് കെ.വി യെല്‍ദോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പട്ടിണി ദിനചാരണത്തിന് അന്തിമ രൂപം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.കെ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. വി. നാരായണന്‍, ഷൈന്‍ എസ്.എസ്, മുഹമ്മദ് സാലിം കെ, ബിജു തോമസ്, സിബി അഗസ്റ്റിന്‍, സുരേഷ് കുമാര്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.