പുല്‍മേടുകള്‍ കാണാനിറങ്ങിയ വയോധികനെ പശു ആക്രമിച്ചു:  ഫാം ഉടമയ്ക്ക് വന്‍തുക പിഴ

പുല്‍മേടുകള്‍ കാണാനിറങ്ങിയ വയോധികനെ പശു ആക്രമിച്ചു:  ഫാം ഉടമയ്ക്ക് വന്‍തുക പിഴ

ഡെവോണ്‍: പുല്‍മേടുകള്‍ കാണാനിറങ്ങിയ വയോധികനെ പശു ആക്രമിച്ചതിനെ തുടര്‍ന്ന് ഫാം ഉടമയ്ക്ക് വന്‍തുക പിഴ. ഇംഗ്ലണ്ടിലെ വാര്‍വിക്ഷെയര്‍ സ്വദേശിയായ സ്റ്റീവ് ആഡംസ് എന്ന 63കാരനെയാണ് പശു ആക്രമിച്ചത്. ഫുട്പാത്തിലൂടെ പുല്‍മേട് കാണാനായി വളര്‍ത്തുനായയുമൊത്തുള്ള നടത്തത്തിനിടയിലാണ്  സ്റ്റീവിനും ഭാര്യയ്ക്കും നേരെ പശുവിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇയാള്‍ ഏഴ് ദിവസമാണ് അത്യാഹിത വിഭാഗത്തില്‍ ചെലവിടേണ്ടി വന്നത്.

ഡെവോണിലെ സിഡ്ബറിയിലെ ഫാമുടമയായ ബാറി ഫൌളറിനാണ് ശിക്ഷ വിധിച്ചത്. 3500 പൌണ്ട് (ഏകദേശം 349120 രൂപ) പിഴ ഒടുക്കാനാണ് നിര്‍ദ്ദേശം. പൊതു ഇടങ്ങളില്‍ പശുവിനെ അലക്ഷ്യമായി വിട്ടതിനും ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനാണ് ശിക്ഷ. ഗതാഗത മേഖലയില്‍ നിന്ന് വിരമിച്ചയാളാണ് സ്റ്റീവ്. 2021 ജൂലൈയിലാണ് കിഴക്കന്‍ ഡെവോണിലെ മോട്ടോര്‍ ഹോം ക്യാപ്‌സൈറ്റ് സന്ദര്‍ശിക്കാനെത്തിയ ഇയാള്‍ക്കെതിരെ പശുവിന്റെ ആക്രമണം ഉണ്ടായത്. പുല്‍മേടിന് സമീപത്തെ പബ്ബിലേക്ക് പോവുന്നതിനിടെയായിരുന്നു സംഭവങ്ങള്‍ നടന്നത്.

ഫുട്പാത്ത് അവസാനിക്കാനായ ഇടത്ത് പുല്‍മേട്ടില്‍ നിന്ന് വേര്‍തിരിക്കാനായി വേലി ഉണ്ടായിരുന്നെങ്കിലും ഇരുപതോളം പശുക്കള്‍ക്ക് നടുവിലേക്കാണ് ദമ്പതികള്‍ നായക്കൊപ്പം നടന്ന് എത്തിയത്. കിടാവിനൊപ്പമുണ്ടായിരുന്ന ഒരു പശുവാണ് ആക്രമിച്ചത്. തലകൊണ്ടുള്ള തട്ടേറ്റ് 63 കാരന്‍ തെറിച്ചുവീഴുകയായിരുന്നു. നിലത്ത് വീണ സ്റ്റീവ് ഇഴഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പശു ഇയാളെ ചവിട്ടുകയും ചെയ്തു. ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്ന നായ നിര്‍ത്താതെ കുരച്ചതാണ് ഇയാള്‍ക്ക് രക്ഷയായത്.

ആരോഗ്യ സംരക്ഷണ വിഭാഗം സംഭവത്തില്‍ പരിശോധന നടത്തിയിരുന്നു. കിടാവ് കൂടെയുണ്ടായിരുന്ന സമയത്ത് അപരിചിതരെ കണ്ടതാവാം പശുവിനെ പ്രകോപിപ്പിച്ചതെന്നാണ് നിരീക്ഷണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *