പരസ്പരം കുറ്റപ്പെടുത്തി സ്പീക്കറും പ്രതിപക്ഷവും; സഭ പിരിഞ്ഞു

പരസ്പരം കുറ്റപ്പെടുത്തി സ്പീക്കറും പ്രതിപക്ഷവും; സഭ പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്ന് സഭ പിരിഞ്ഞു. രണ്ടു മണിവരെയാണ് സഭ പിരിഞ്ഞത്. എം.എല്‍.എമാരെ കൈയേറ്റം ചെയ്ത വാച്ച് ആന്റ് വാര്‍ഡന്മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവ് തങ്ങള്‍ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാര്‍ഡ് പ്രകോപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും പറഞ്ഞു. ഇന്ന് രാവിലെ ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷം വാച്ച് ആന്റ് വാര്‍ഡിനും ഭരണകക്ഷി എം.എല്‍.എമാര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

സ്പീക്കര്‍ക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി ബഹളം വെച്ചതോടെ ചോദ്യോത്തര വേള റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ എം.എല്‍.എ അടക്കം നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇന്നലെ നടന്ന സംഘര്‍ഷം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും നിര്‍ഭാഗ്യകരമെന്നും സ്പീക്കര്‍ പറഞ്ഞു. ഈ അഭിപ്രായത്തോട് പ്രതിപക്ഷ നേതാവ് യോജിച്ചു. സംഘര്‍ഷം ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരിശോധിച്ചു നടപടി എടുക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സാമാന്തര സഭ ചേര്‍ന്നതില്‍ നടപടി വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

സ്പീക്കര്‍ അവകാശം നിഷേധിക്കുന്നുവെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് പരിക്കേറ്റെന്നും പറഞ്ഞു. രണ്ട് ഭരണപക്ഷ എംഎല്‍എമാര്‍ക്കും വാച്ച് ആന്റ് വാര്‍ഡുമാര്‍ക്കും എതിരെ നടപടി വേണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍ ഇരിക്കുമ്പോള്‍ തന്നെ മുഖം മറച്ചു ബാനര്‍ ഉയര്‍ത്തിയതിനും സഭയിലെ തന്റെ ഓഫീസിന് മുന്നിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പുറത്ത് പോയതിനും സ്പീക്കര്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി.

സാമാന്തര സഭ ചേര്‍ന്നിട്ടും, മൊബൈല്‍ വഴി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടും കടുത്ത നടപടി ഉണ്ടായില്ലെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സഭാ ടിവി പ്രതിപക്ഷത്തിന് പ്രതിഷേധങ്ങളെ പൂര്‍ണ്ണമായും മറച്ചുവെക്കുന്നുവെന്നും താന്‍ സംസാരിക്കുമ്പോള്‍ പോലും ഭരണപക്ഷത്തെയാണ് കാണിക്കുന്നതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. അതിനിടെ സ്പീക്കര്‍ സഭാ നടപടികളിലേക്ക് വേഗത്തില്‍ കടന്നു. പിന്നീട് ചോദ്യോത്തര വേള പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികള്‍ വേഗത്തില്‍ അവസാനിപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *