ഞാനല്ല.. അതിസമ്പന്നനായ ആ ഗില്‍ക്രിസ്റ്റ്; വേള്‍ഡ് ഇന്‍ഡക്‌സിന് ആള് മാറിയെന്ന് ഗില്‍ക്രിസ്റ്റ്

ഞാനല്ല.. അതിസമ്പന്നനായ ആ ഗില്‍ക്രിസ്റ്റ്; വേള്‍ഡ് ഇന്‍ഡക്‌സിന് ആള് മാറിയെന്ന് ഗില്‍ക്രിസ്റ്റ്

സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ അതിസമ്പന്നന്‍ ആരായിരിക്കുമെന്ന ചോദ്യത്തിന് ഏതൊരു ക്രിക്കറ്റ് പ്രേമിക്കും മനസിലേക്ക് ഓടിയെത്തുക ഇന്ത്യന്‍ താരങ്ങളെയായിരിക്കും. കാരണം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഇന്ത്യന്‍ താരങ്ങളാണ്. കൂടാതെ പരസ്യവരുമാനവും മറ്റു വരുമാനങ്ങളും വേറെ. അതിനാല്‍ പട്ടികയില്‍ ഒന്നാമത് ഇന്ത്യന്‍ താരമാകും എന്നതിന് ക്രിക്കറ്റ് പ്രേമികള്‍ക്ക് സംശയമുണ്ടാകില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ സച്ചിനും ധോണിയും കോലിയുമെല്ലാം ഉത്തരമായി പറയാമെങ്കിലും വേള്‍ഡ് ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത് ഇവരാരുമല്ല അതിസമ്പന്നനെന്നാണ്.

സിഇഒ വേള്‍ഡ് മാഗസിന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആദം ഗില്‍ക്രിസ്റ്റ് ആണ് അതിസമ്പന്നനെന്നാണ്. ഗില്‍ക്രിസ്റ്റിന്റെ ആസ്തിയായി കണക്കാക്കിയിരിക്കുന്നത് 380 മില്യണ്‍ ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള സച്ചിന് 170 മില്യണ്‍ ഡോളറും മൂന്നാം സ്ഥാനത്തുള്ള എം.എസ് ധോണിക്ക് 115 മില്യണ്‍ ഡോളറും നാലാം സ്ഥാനത്തുള്ള വിരാട് കോലിക്ക് 112 മില്യണ്‍ ഡോളറുമാണ് ആസ്തിയായി പറയുന്നത്.

എന്നാല്‍, വേള്‍ഡ് ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്കുകള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് ആസ്‌ത്രേലിയിന്‍ ക്രിക്കറ്റ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. പട്ടികയില്‍ പറഞ്ഞിരിക്കുന്ന ആദം ഗില്‍ക്രിസ്റ്റ് താനല്ല എന്നും തന്റെ പേരിലുള്ള പട്ടിക അടിസ്ഥാനരഹിതമാണെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. അവര്‍ എഫ് 45 സഹസഥാപകനായ ആദം ഗില്‍ക്രിസ്റ്റിനെയാണ് വേള്‍ഡ് ഇന്‍ഡക്‌സ് ശരിക്കും ഉദ്ദേശിച്ചതെന്നും ഗില്‍ക്രിസ്റ്റ് പ്രതികരിച്ചു.

എന്നെ തെറ്റിദ്ധരിച്ചതാണ് സുഹൃത്തുക്കളെ, അല്ലെങ്കില്‍ എന്റെ അതേപേരുള്ള എഫ്45 സ്ഥാപകന്‍ ക്രിക്കറ്റ് കളിക്കണമായിരുന്നു, അദ്ദേഹം കളിക്കാത്തതുകൊണ്ട് ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ് എന്നാണ് ഗില്ലി ട്വിറ്ററില്‍ കുറിച്ചത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്റേറ്ററായി ജോലി നോക്കുന്ന 51കാരനായ ഗില്‍ക്രിസ്റ്റിന് മറ്റ് ബിസിനസുകളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം, എഫ് 45 ജിമ്മുകകളുടെ സഹസ്ഥാപനായ ആദം ഗില്‍ക്രിസ്റ്റ് കഴിഞ്ഞ വര്‍ഷം സ്ഥാപനം വിടുകയും ചെയ്തിരുന്നു. എന്നിട്ടും ഗില്‍ക്രിസ്റ്റ് എന്ന പേര് വേള്‍ഡ് ഇന്‍ഡക്‌സിന്റെ സമ്പന്നപ്പട്ടികയില്‍ ഇടം പിടിച്ചത് കൗതുകമായി.

വേള്‍ഡ് ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 75 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുന്‍ ഓസ്‌ട്രേലിയന്‍ റിക്കി പോണ്ടിംഗ് അഞ്ചാം സ്ഥാനത്താണ്, ജാക് കാലിസ്(70 മില്യണ്‍ ഡോളര്‍), ബ്രയാന്‍ ലാറ(60 മില്യണ്‍ ഡോളര്‍), വീരേന്ദ്രര്‍ സെവാഗ്(40 മില്യണ്‍ ഡോളര്‍), യുവരാജ് സിംഗ്(35 മില്യണ്‍ ഡോളര്‍), സ്റ്റീവ് സ്മിത്ത്(30 മില്യണ്‍ ഡോളര്‍) എന്നിവരാണ് ലോകത്തിലെ അതിസമ്പന്നരായ ക്രിക്കറ്റ് താരങ്ങള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *