പൂനൈ: എച്ച് 3 എന്‍ 2 വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി രണ്ട് മരണം സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ രണ്ടു മരണം കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്. മരിച്ചവരില്‍ ഒരാള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 23കാരനായ അഹമ്മദ് നഗര്‍ സ്വദേശിയായ സിവില്‍ സര്‍ജന്‍ ഡോ സഞ്ജയ് ഗോഖറെയാണ് കോവിഡ് ബാധിച്ചതിന് ശേഷം എച്ച് 3 എന്‍ 2 വൈറസ് മൂലം മരിച്ചത്. ഇന്നലെയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങിയത്. എഴുപത്തിനാലുകാരനാണ് മരിച്ച മറ്റൊരാള്‍.
അതേസമയം എച്ച് 3 എന്‍ 2 ബാധിച്ച് മരണം സംഭവിക്കുകയില്ലെന്നും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളോ മറ്റ് അസുഖങ്ങളോ കൂടി വന്ന് ആരോഗ്യനില അവതാളത്തിലാകുന്നതാണ് മരണത്തിലേക്ക് രോഗിയെ നയിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി തനാജി സാവന്ത് പറഞ്ഞു.
നിലവില്‍ സംഭവിച്ച രണ്ട് മരണങ്ങളുടെയും സൂക്ഷമകാരണത്തിനായി കാത്തിരിക്കുകയാണെന്നും ഇദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കാര്യമായ രീതിയിലാണ് എച്ച് 3 എന്‍ 2 കേസുകള്‍ വര്‍ധിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തുടരുന്നത്. എച്ച് 3 എന്‍ 2 വ്യാപനത്തിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളുടെ ജാഗ്രത പുലര്‍ത്തണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരും അറിയിച്ചിരുന്നു.
അതേസമയം കേരളത്തില്‍ എച്ച് 1 എന്‍ 1 കേസുകളിലാണ് കാര്യമായ വര്‍ധനവ് രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. തുടര്‍ച്ചയായ ചുമ, പനി, കുളിര്, ശ്വാസതടസം എന്നിവയാണ് എച്ച് 3 എന്‍ 2 വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളും കാണാം. കടുത്ത പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, ഛര്‍ദ്ദി എന്നിവയാണ് എച്ച് 1 എന്‍ 1 വൈറസ് ബാധയുടെ ലക്ഷണങ്ങളായി വരുന്നത്.