കോഴിക്കോട് : അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗവും കണ്ണൂരിലെ എയറോസിസ് കോളേജും സംയുക്തമായി ഏര്‍പ്പെടുത്തിയ അക്ഷരം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലടക്കം ഇരുനൂറിലേറെ പ്രശസ്തിപത്രങ്ങള്‍ ലഭിച്ച കണ്ണൂര്‍ ജില്ല (റൂറല്‍) ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും കവിയും ഗാനരചയിതാവും സാഹിത്യകാരനുമായ ടി.പി.രഞ്ജിത്ത് പത്മനാഭന്‍, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ നൗഷാദ് ഇബ്രാഹിം, മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെ.എഫ്.ജോര്‍ജ്, ജീവകാരുണ്യ പ്രവര്‍ത്തകര്‍ പി.കെ.അബ്ദുല്‍ സത്താര്‍ കണ്ണൂര്‍, മാധ്യമം ഫോട്ടോ ജേര്‍ണലിസ്റ്റ് ബൈജു കൊടുവള്ളി, സംഗീതസംവിധായകന്‍ പ്രത്യാശ്കുമാര്‍, സപര്യ കലാക്ഷേത്ര പ്രിന്‍സിപ്പല്‍ രജനി പ്രവീണ്‍, അധ്യാപികയും കവിയും കഥാകൃത്തുമായ ഉഷ സി. നമ്പ്യാര്‍ എന്നിവര്‍ക്കാണ് പ്രതിഭാ പുരസ്‌കാരങ്ങള്‍.
തീവണ്ടിയിലെ ചരക്ക് ഗതാഗതമായ റോ-റോ സര്‍വീസിനെ കുറിച്ചുള്ള അന്വേഷണാത്മക പരമ്പരയ്ക്ക് മാതൃഭൂമി കണ്ണൂര്‍ ബ്യൂറോ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി.പി.ലിബീഷ് കുമാര്‍ അക്ഷരം യുവ മാധ്യമ പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായി. കൃഷ്ണന്‍ തുഷാര (കഥാസമാഹാരം: പാനീസ്), കെ.ടി.ത്രേസ്യ ടീച്ചര്‍ (ബാലകഥകള്‍: സ്‌നേഹസമ്മാനം), ആര്‍.സുരേഷ്‌കുമാര്‍(കവിതകള്‍: ദുശ്ശാസനന്‍ നല്ലവനാണ്) എന്നിവര്‍ക്കാണ് പുസ്തകങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍.
ഏപ്രില്‍ 2 ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ എം.കെ.രാഘവന്‍ എം.പി., പുരുഷന്‍ കടലുണ്ടി, പി.ആര്‍.നാഥന്‍, എയറോസിസ് കോളേജ് എം.ഡി.ഡോക്ടര്‍ ഷാഹുല്‍ ഹമീദ് എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.