ന്യൂഡല്‍ഹി: സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ ‘വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടി’ല്‍ ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് എട്ടാം സ്ഥാനം. മലിനീകരണം കൂടുതലുളള ആദ്യ പത്ത് നഗരങ്ങളില്‍ ആറെണ്ണവും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊല്‍ക്കത്ത 99, മുംബൈ 137, ഹൈദരാബാദ് 199, ബെംഗളൂരു 440, ചെന്നൈ 682 എന്നിങ്ങനെയാണ് രാജ്യത്തെ മറ്റ് നഗരങ്ങളിലെ മലിനീകരണത്തിലെ റാങ്ക്.മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യം അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. വായു മലിനീകരണത്തിന്റെ ഫലമായി ഇന്ത്യക്ക് ഇതുവരെ 150 ബില്യണ്‍ ഡോളര്‍ നഷ്ടമായതായും റിപ്പോര്‍ട്ടിലുണ്ട്.
വായു മലിനീകരണം ഏറ്റവും കൂടിയ 50 നഗരങ്ങളില്‍ 39 എണ്ണവും ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. ചാഡ്, ഇറാഖ്, പാകിസ്താന്‍, ബഹ്റൈന്‍, ബംഗ്ലാദേശ്, ബുര്‍ക്കിന ഫാസോ, കുവൈറ്റ്, ഈജിപ്ത്, തജിക്കിസ്ഥാന്‍ എന്നിവയാണു മലിനീകരണം കൂടുതലുള്ള മറ്റ് രാജ്യങ്ങള്‍. പിഎം 2.5 അടിസ്ഥാനമാക്കി 131 രാജ്യങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണു ഐക്യു എയര്‍ പട്ടിക തയാറാക്കിയിരിക്കുന്നത്.
പാകിസ്ഥാന്റെ തലസ്ഥാനമായ ലാഹോര്‍ ആണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ മലിനീകരണമുളള നഗരം. ചൈനയിലെ ഹോടന്‍ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് രാജസ്ഥാനിലെ ഭിവാഡിയും നാലാമതായി ഡല്‍ഹിയുമാണുളളത്. ഡല്‍ഹിയിലെ മലിനീകരണം പിഎം 2.5 ലെവല്‍ 92.6 മൈക്രോഗ്രാം ആണ്. ഇത് സുരക്ഷിത പരിധിയില്‍ നിന്ന് 20 മടങ്ങ് അധികമാണ്.