ബുക്കര്‍ പ്രൈസ് പട്ടികയില്‍ പെരുമാള്‍ മുരുഗന്റെ പൂകുഴി; തമിഴ് സാഹിത്യത്തിന് അഭിമാന നേട്ടം

ബുക്കര്‍ പ്രൈസ് പട്ടികയില്‍ പെരുമാള്‍ മുരുഗന്റെ പൂകുഴി; തമിഴ് സാഹിത്യത്തിന് അഭിമാന നേട്ടം

ന്യൂഡല്‍ഹി : 2023 ലെ ബുക്കര്‍ പ്രൈസിനായുള്ള പട്ടികയില്‍ പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുഗന്റെ ‘പൂകുഴി’ എന്ന നോവല്‍ ഇടം നേടി. ആദ്യമായാണ് തമിഴ് സാഹിത്യത്തില്‍ നിന്നും ഒരു കൃതി ബുക്കര്‍ പട്ടികയില്‍ ഇടം നേടുന്നത്. ബുക്കര്‍ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നു എന്ന് പെരുമാള്‍ മുരുഗന്‍ പറഞ്ഞു. തന്റെ നോവലല്ല മറിച്ച് തമിഴ് സാഹിത്യമാണ് ആദരിക്കപ്പെട്ടിരിക്കുന്നത്. തമിഴടക്കമുള്ള തെക്കേ ഇന്ത്യന്‍ ഭാഷകള്‍ കേവലം പ്രാദേശിക ഭാഷകള്‍ മാത്രമാണെന്ന കാഴ്ചപ്പാട് മാറുകയാണെന്നും പെരുമാള്‍ മുരുഗന്‍ പറഞ്ഞു. കഴിഞ്ഞ തവണ ബുക്കര്‍ പ്രൈസ് ലഭിച്ചത് ഹിന്ദി എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീയുടെ ‘ടോംബ് ഓഫ് സാന്‍ഡ്’ എന്ന നോവലിനായിരുന്നു. 50 ലക്ഷം രൂപയാണ് സമ്മാന തുക. മെയ് 23 ന് പുരസ്‌കാരം പ്രഖ്യാപിക്കും.

തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി വിവേചനങ്ങളെ ആസ്പദിച്ചുള്ള നോവലാണ് പട്ടട എന്ന് അര്‍ത്ഥം വരുന്ന പൂകുഴി എന്ന നോവല്‍. വ്യത്യസ്ത ജാതികളില്‍ പെട്ട കാമുകി കാമുകന്‍മാരുടെ ഒളിച്ചോട്ടത്തെ തുടര്‍ന്നുള്ള സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. ജാതി വിദ്വേഷങ്ങളേയും അതിന്റെ ഭാഗമായുള്ള ഹിംസകളേയും തുറന്നു കാട്ടുന്ന കൃതിയാണ് പൂകുഴി. അനിരുദ്ധ് വാസുദേവനാണ് നോവല്‍ ‘pyre ‘ എന്ന പേരില്‍ ഇംഗ്‌ളീഷിലേക്ക് തര്‍ജമ ചെയ്തത്. ‘മാതൊരുഭാഗന്‍’ എന്ന നോവലിനെതിരേ പ്രാദേശിക വലതുപക്ഷസംഘങ്ങള്‍ എതിര്‍പ്പുമായി വന്നതിനെ തുടര്‍ന്ന് എഴുത്ത് ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം   ഒളിവില്‍ പോകുകയും പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് 2018 ലാണ് അദ്ദേഹം എഴുത്തിലേയ്ക്ക് തിരിച്ചു വന്നത്.

പ്രാദേശികമായിരിക്കുമ്പോള്‍ തന്നെ ആഗോളമായ ഇതിവൃത്ത സ്വഭാവമുള്ള നോവലാണ് പൂകുഴി എന്ന് തിരഞ്ഞെടുപ്പ് സമിതി നിരീക്ഷിച്ചു. തീക്ഷ്ണമായ ഭാഷയും ശക്തമായ ഘടനയും പെരുമാള്‍ മുരുഗന്റെ രചനാ ശൈലിയുടെ സവിശേഷതയാണെന്നും സമിതി അഭിപ്രായപ്പെട്ടു. പെരുമാള്‍ മുരുഗനെ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നായി പന്ത്രണ്ട് എഴുത്തുകാരുടെ നോവലുകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *