ന്യൂഡല്‍ഹി: മനുഷ്യനെ ഇറക്കിവിട്ട് പരിസ്ഥിതി സംരക്ഷണം കഴിയില്ല എന്ന കേന്ദ്ര വാദത്തോട് യോജിച്ച് സുപ്രീം കോടതി. ബഫര്‍ സോണില്‍ സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്നും നിരോധിക്കേണ്ടത് നിരോധിക്കണം, നിയന്ത്രിക്കേണ്ടത് നിയന്ത്രിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ബഫര്‍സോണില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രഖ്യാപിച്ച വിധിയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും ഇതില്‍ ഇളവ് തേടികൊണ്ടുളള കേരളത്തിന്റെ അപേക്ഷയും പരിഗണിച്ച് ആണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
അന്തിമ, കരട് വിജ്ഞാപനങ്ങള്‍ വന്ന മേഖലകള്‍, വിജ്ഞാപനത്തിന് പരിഗണിക്കുന്ന മേഖലകള്‍ എന്നിവ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഇതുവരെയുളള സംരക്ഷണ നടപടികളെ സുപ്രീംകോടതി വിധി തകിടം മറിച്ചെന്നും കേന്ദ്രം പറഞ്ഞു. സമ്പൂര്‍ണ വിലക്ക് എന്നത് ശരിയായ തീരുമാനമല്ലെന്നും ജനങ്ങളുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. വ്യാഴാഴ്ചയും ഹര്‍ജികളില്‍ വാദം തുടരും.