തിരുവനന്തപുരം: ക്ഷീരഗ്രാമം പദ്ധതി കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ച് പാലുല്‍പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുമെന്ന് മൃഗസംരംക്ഷണ-ക്ഷീരവികസന-മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങിന്റെയും കന്നുകാലി പരിപാലന കേന്ദ്രത്തിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വര്‍ഷം പത്ത് പഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കിയത്. ഇത്തവണ ഇരുപത് പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കും. ഇതുവഴി ഓരോ പഞ്ചായത്തിലും നൂറോളം പശുക്കള്‍ അധികമായി ലഭിക്കും. സംസ്ഥാന വ്യാപകമായി നടത്തിയ ക്ഷീരസംഗമങ്ങളിലൂടെ കര്‍ഷകരുടെ പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ സാധിച്ചു. അതിദരിദ്ര കുടുംബങ്ങള്‍ക്ക് 90 ശതമാനം സബ്‌സിഡിയില്‍ പശുക്കളെ നല്‍കുന്ന പദ്ധതി നടപ്പാക്കി വരികയാണ്. ക്ഷീരസംഘങ്ങള്‍ വഴിയാണ് ഇത് നടപ്പാക്കുന്നത്. പാലുല്‍പാദനത്തില്‍ സംസ്ഥാനം 90 ശതമാനം സ്വയംപര്യാപ്തത ഇതിനോടകം നേടിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കന്നുകാലി പരിപാലന കേന്ദ്രത്തില്‍ പുതുതായി പണികഴിപ്പിച്ച സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നാല് കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഒരു കോടി രൂപ ചെലവഴിച്ചാണ് ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മാണം. 2021-22 വര്‍ഷത്തെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം കല്ലിയൂരിലെ കെ.എന്‍ വിജയകുമാറിനും, സമ്മിശ്ര കര്‍ഷകനുള്ള പുരസ്‌കാരം അവനവഞ്ചേരി സ്വദേശി എം.കെ അജിത്കുമാറിനും മന്ത്രി സമ്മാനിച്ചു. കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. മൃഗസംരക്ഷണ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.