സ്‌കൂളുകളോട് ചേര്‍ന്ന് മില്‍മ ഷോപ്പുകള്‍ തുറക്കും
തിരുവനന്തപുരം: കേരളത്തില്‍ നിലവില്‍ കന്നുകാലികളെ ബാധിച്ച ചര്‍മ്മമുഴ രോഗം മൂലം ചത്ത പശുക്കള്‍ക്ക് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ചര്‍മ്മമുഴ വന്ന് ചത്ത പശുക്കളുടെ ഉടമകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നഷ്ടപരിഹാരത്തുകയായി വലിയ പശുവിന് മുപ്പതിനായിരം രൂപയും പ്രായം കുറഞ്ഞ കിടാരി പശുവിന് 16,000 രൂപയും കന്നുക്കുട്ടിക്ക് 5,000 രൂപയും നല്‍കുമെന്നാണ് മന്ത്രി നിയമസഭയില്‍ അറിയിച്ചു. കൂടാത ചര്‍മ്മമുഴ രോഗത്തിനുള്ള മരുന്നുകള്‍ മൃഗാശുപത്രി വഴി വിതരണം ചെയ്യാനുള്ള നടപടികളും ഇതിനോടകം സ്വീകരിച്ചുവെന്നും സഭയെ അറിയിച്ചു.
മായം ചേര്‍ത്ത കാലിത്തീറ്റ ഉള്ളില്‍ ചെന്ന് പശുക്കള്‍ ചത്ത സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കാരണം കാലിത്തീറ്റയിലെ മായം തടയാനുള്ള കാലിത്തീറ്റ നിയമം ഉടന്‍ കൊണ്ടുവരുമെന്നും നിയമം പ്രാബല്യത്തിലായാല്‍ മായം ചേര്‍ത്ത കാലിത്തീറ്റകള്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.
സ്‌കൂളുകളിലെ ലഹരിക്കെതിരെ പോരാടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സ്‌കൂളുകളോട് ചേര്‍ന്ന് മില്‍മ ഷോപ്പുകള്‍ തുറക്കുമെന്ന് മന്ത്രി സഭയെ അറിയിച്ചു. ഇത്തരം ഷോപ്പുുകള്‍ സ്‌കൂള്‍ പി.ടി.എയുടെ സഹകരണത്തോടെയാണ് തുടങ്ങാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ഇതിലൂടെ സ്‌കൂള്‍കുട്ടികളെ അടിമകളാക്കുന്ന ലഹരിപദാര്‍ഥങ്ങളില്‍ നിന്നുള്ള വിമുക്തി സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനം നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് അനുകൂലമായ മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഉള്‍പ്പെടെ ഈ വിഷയത്തില്‍ പ്രത്യേകം സമ്മര്‍ദ്ദം ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ നിലവിലുള്ള പാല്‍ ഗുണനിലവാര പരിശോധനാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള തുടര്‍ചര്‍ച്ചകള്‍ നടക്കുകയാണ്. ക്ഷീരവികസന വകുപ്പിന് പാല്‍ഗുണനിലവാര പരിശോധന കൂടാതെ പാലിലെ മായം, കൃത്രിമത്വം എന്നിവ കണ്ടെത്തിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും കൂടി കഴിയുന്ന തരം നിയമസംവിധാനങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ട് വരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ക്ഷീര വികസന വകുപ്പ് പാലിലെ മായം കണ്ടെത്തിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണ്. ശിക്ഷാ നടപടി പോലുള്ളവയില്‍ കാലതാമസം ഉണ്ടാക്കാത്ത വിധം നടപടികളുമായി മുന്നോട്ടു പോകാന്‍ പരിശോധന നടത്തുവാനുള്ള സാമ്പിള്‍ എടുക്കുവാനുള്ള അധികാരം പങ്കുവയ്ക്കണമെന്ന ക്ഷീര വികസന വകുപ്പിന്റെ ആവശ്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.