ന്യൂഡല്‍ഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളില്‍ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ മിസൈല്‍, റഡാര്‍ അപ്ഗ്രഡേഷന്‍ കരാര്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൈമാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അദാനിയുടെ കമ്പനിക്കൊപ്പം വിദേശ കമ്പനിയായ എലേറക്കും കരാറില്‍ പങ്കാളിത്തം നല്‍കിയിരിക്കുകയാണ്. പ്രവര്‍ത്തനത്തില്‍ നിഗൂഢതകള്‍ നിറഞ്ഞ എലേറ കമ്പനിയെ ആരാണ് നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ഇത്തരം കമ്പനികള്‍ക്ക് കരാര്‍ നല്‍കിയത് വഴി ദേശീയ സുരക്ഷയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. എലേറ ഇന്ത്യ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് ഒരു വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടാണെന്നും അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാല് സ്ഥാപനങ്ങളില്‍ ഒന്നാണെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗ്രൂപ്പ് ഓഹരി വിഹിതം കുറച്ചെങ്കിലും മൂന്ന് അദാനി സ്ഥാപനങ്ങളിലെ ഹോള്‍ഡിംഗുകള്‍ 9,000 കോടി രൂപയിലധികം വരുമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നുണ്ട്.
അതേസമയം, പാര്‍ലമെന്റില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധി, അദാനി വിഷയങ്ങളെ ചൊല്ലി ബഹളം തുടര്‍ന്നതോടെ ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മണിവരെ ലോക്‌സഭയും രാജ്യസഭയും നിര്‍ത്തിവെച്ചു. വീണ്ടും തുടങ്ങിയപ്പോഴും സഭയില്‍ ബഹളം തുടര്‍ന്നു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും നാളത്തേക്ക് പിരിഞ്ഞു.
വിദേശപര്യടനത്തില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ബഹളം വച്ച പ്രതിപക്ഷം അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചു. അദാനി വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതോടെ രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുസഭകളും പിരിയുകയായിരുന്നു. ഇതിനിടെ അദാനിയുടെ ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡി ആസ്ഥാനത്തേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തി.