ന്യൂഡല്‍ഹി: 2019 ല്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്തു കളഞ്ഞതിനു പിന്നാലെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ വീട്ടുതടങ്കലില്‍ വെച്ചത് അനധികൃതമാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന്റെ മറുപടി തേടി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് സുപ്രീംകോടതി മറുപടി തേടിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിന്റെ മറുപടി ഫയല്‍ ചെയ്യാന്‍ ജസ്റ്റിസുമാരായ അഭയ് എസ്. ഓക, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.
തരിഗാമിയെ പിന്നീട് വിട്ടയച്ചുവെന്നും അതിനാല്‍ യെച്ചൂരിയുടെ ഹര്‍ജി ഇപ്പോള്‍ നിലനില്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജ് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ പണത്തിനോ നഷ്ടപരിഹാരത്തിനോ വേണ്ടിയല്ല,മറിച്ച് അന്തസുമായി ബന്ധപ്പെട്ട വിഷയമാണെന്നും വീട്ടുതടങ്കല്‍ നിയമപരമാണോ എന്ന് തെളിയിക്കാനാണ് ശ്രമിക്കുന്നതെന്നും യെച്ചൂരിയുടെ അഭിഭാഷകര്‍ വാദിച്ചു.