തിരുവനന്തപുരം: സംസ്ഥാന പോലിസില്‍ വീണ്ടും ഇന്ധന ക്ഷാമം. തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പിലെ പമ്പില്‍ ഡീസല്‍ തീര്‍ന്നു. എണ്ണക്കമ്പനിക്ക് കുടിശികയുള്ളതിനാല്‍ ഡീസല്‍ വിതരണം നിര്‍ത്തിവച്ചെന്നാണ് വിവരം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശത്തിനോട് അനുബന്ധിച്ച പട്രോളിംഗിന് പോലും വാഹനങ്ങളില്‍ ഇന്ധനമില്ലാത്ത സ്ഥിതിയാണ്. ഇന്ന് രാവിലെ ഇന്ധനം നല്‍കിയത് പ്രസിഡന്റ് സന്ദര്‍ശനത്തിന്റെ ഭാഗമായ ട്രയല്‍ റണ്ണിന് മാത്രമായിരുന്നു. പോലിസ് സ്റ്റേഷന്‍ വാഹനങ്ങള്‍ പലതും ഓടുന്നില്ല. തിരുവനന്തപുരം ജില്ലയിലെ പോലിസ് വാഹനങ്ങളിലാണ് പ്രതിസന്ധി നേരിടുന്നത്.
അതിനിടെ സംസ്ഥാനത്ത് പോലിസ് സേനക്കായി സര്‍ക്കാര്‍ പുതുതായി വാങ്ങിയ 315 വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. തൈക്കാട് പോലിസ് ഗ്രൗണ്ടിലാണ് ഫ്‌ളാഗ് ഓഫ് ചടങ്ങ് നടന്നത്. പോലിസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, സ്‌പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളിലേക്കാണ് വാഹനങ്ങള്‍ നല്‍കുക. ഡി.ജി.പിയും ഉന്നത പോലിസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.