65. 82 കോടി രൂപ ചെലവില്‍ ഇറച്ചിക്കോഴി ഉത്പാദന, വിപണന മേഖലയില്‍ ഏഴ് വന്‍പദ്ധതികള്‍ക്ക് ഉടന്‍ തുടക്കമാവുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

65. 82 കോടി രൂപ ചെലവില്‍ ഇറച്ചിക്കോഴി ഉത്പാദന, വിപണന മേഖലയില്‍ ഏഴ് വന്‍പദ്ധതികള്‍ക്ക് ഉടന്‍ തുടക്കമാവുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

 

സംസ്ഥാനത്തെ ആഭ്യന്തര ഇറച്ചി ഉല്‍പാദനത്തിലും സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് വിവിധങ്ങളായ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 22.50 കോടി രൂപ കേരള പുനര്‍നിര്‍മ്മാണ പദ്ധതിവിഹിതവും 43.32 കോടി രൂപ നബാര്‍ഡിന്റെ സാമ്പത്തിക സഹായവും പ്രയോജനപ്പെടുത്തി 65.82 കോടി രൂപ ചെലവില്‍ ഏഴോളം വന്‍ പദ്ധതികളാണ് ഉടന്‍ ആരംഭിക്കുന്നതെന്ന് മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്‌കോ), മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ (എം.പി.ഐ), എന്‍.ജി.ഒ സംരംഭമായ ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി എന്നീ സ്ഥാപനങ്ങള്‍ക്കാണ് പദ്ധതികളുടെ നിര്‍വഹണ ചുമതല.
വിവിധ ജില്ലകളിലായി ഇറച്ചി സംസ്‌കരണ ഫാക്ടറികളോടൊപ്പം കോഴി വേസ്റ്റുകള്‍ പ്രയോജനപ്പെടുത്തി പെറ്റ് ഫുഡ് നിര്‍മ്മാണ ശാലകളും സ്ഥാപിതമാവുകയാണ്.
കൊല്ലം (കോട്ടുക്കല്‍), എറണാകുളം (ഇടയാര്‍), ജില്ലകളില്‍ ഇറച്ചി കോഴി സംസ്‌കരണശാലകളും കൊല്ലം (കോട്ടുക്കല്‍), എറണാകുളം (എടയാര്‍ ), പാലക്കാട് (നെന്മേനി) ജില്ലകളില്‍ പെറ്റ് ഫുഡ് റെന്‍ഡറിങ് പ്ലാന്റുകളും പാലക്കാട് (കോട്ടുത്തറ), ബ്രോയിലര്‍ ബ്രീഡര്‍ ഫാം ഉള്‍പ്പെടെയുള്ള ഹാച്ചറി കോംപ്ലക്‌സും ആണ് പദ്ധതികള്‍.

2018ല്‍ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി തുടക്കം കുറിച്ച പദ്ധതികളാണ് ഇവയെങ്കിലും വകുപ്പ് മന്ത്രി എന്ന നിലയില്‍ നടത്തിയ ഇടപെടലുകള്‍ ഫലവത്തായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭരണാനുമതി ലഭ്യമാക്കി ഈ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണെന്നും മന്ത്രി ജെ.ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു. രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ എല്ലാ പദ്ധതികളും പ്രവര്‍ത്തനസജ്ജമാക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. അങ്ങനെ ഈ പദ്ധതികള്‍ പ്രവര്‍ത്തനസജ്ജം ആകുന്നതോടുകൂടി ഗുണഭോക്താക്കള്‍ക്ക് സുരക്ഷിതവും ശാസ്ത്രീയവും ആയ സംസ്‌കരിച്ച കോഴിയിറച്ചി മിതമായ വിലയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കുന്നതോടൊപ്പം കോഴി വളര്‍ത്തല്‍ മേഖലയ്ക്കും കര്‍ഷകര്‍ക്കും പുത്തനുണര്‍വ് പകരാനും കഴിയുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും മന്ത്രി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *