ന്യൂഡല്‍ഹി: ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തള്ളിയത്.
7400 കോടി രൂപ അധിക നഷ്ട പരിഹാരം നല്‍കണം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. നഷ്ടപരിഹാരത്തില്‍ കുറവുണ്ടെങ്കില്‍ നികത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും ഇരകള്‍ക്കായി ഇന്‍ഷുറന്‍സ് പോളിസി എടുക്കാതിരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വലിയ വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചു. തട്ടിപ്പ് നടന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഒത്തുതീര്‍പ്പില്‍ നിശ്ചയിച്ച നഷ്ടപരിഹാരം റദ്ദാക്കാനാകൂ. എന്നാല്‍, തട്ടിപ്പ് നടന്നുവെന്ന് തെളിയിക്കുന്ന ഒന്നും കേന്ദ്രത്തിനു ഹാജരാക്കാന്‍ ആയില്ലെന്നും കോടതി പറഞ്ഞു.
വിഷയം രണ്ട് പതിറ്റാണ്ടിന് ശേഷം ഉന്നയിക്കുന്നതിന്റെ യുക്തി വിശദീകരിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. റിസര്‍വ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.