ബ്രഹ്‌മപുരം തീ; പൂര്‍ണമായും കെടുത്തി, രണ്ടു ദിവസം ജാഗ്രത: ജില്ലാ കലക്ടര്‍

ബ്രഹ്‌മപുരം തീ; പൂര്‍ണമായും കെടുത്തി, രണ്ടു ദിവസം ജാഗ്രത: ജില്ലാ കലക്ടര്‍

  • റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്രം

കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ അഗ്നിബാധയും പുകയും പൂര്‍ണമായും അണച്ചെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചു. ബ്രഹ്‌മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. എന്നാല്‍, അടുത്ത 48 മണിക്കൂര്‍ നിതാന്ത ജാഗ്രത തുടരും. വായുവിന്റെ ഗുണനിലവാര സൂചികയും മെച്ചപ്പെട്ടു. പ്രദേശവാസികള്‍ക്കായി അഞ്ചിടങ്ങളില്‍ കൂടി ഇന്ന് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ആരംഭിക്കും. കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേയും ഇന്ന് മുതല്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. മൂന്ന് സെഷനുകളിലായി 202 ആശ പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ ദിവസം പരിശീലനം നല്‍കിയത്. ഓരോ വീടുകളിലും കയറി ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആശ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ചേര്‍ക്കുക. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സജ്ജമാക്കിയ മെഡിക്കല്‍ സ്പെഷ്യാലിറ്റി റെസ്പോണ്‍സ് സെന്റര്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പീഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനങ്ങളും, കൂടാതെ എക്സ്റേ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ച പരിശോധന എന്നീ സേവനങ്ങളും ലഭ്യമാക്കും.

ഫയര്‍ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, പോലിസ്, ഹോംഗാര്‍ഡ്, കോര്‍പറേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, എല്‍.എന്‍.ജി ടെര്‍മിനല്‍, ബി.പി.സി.എല്‍, ആരോഗ്യം, എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് തീയണയ്ക്കാനായത്. സ്മോള്‍ഡറിംഗ് ഫയര്‍ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *