കൊച്ചി: മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നത് ഭരണകൂടവും കലാസമൂഹവും കൈക്കൊള്ളേണ്ട ജാഗ്രതയുടെ ഭാഗമാണെന്ന് കേരള ലാറ്റിന്‍ കാത്തോലിക് അസോസിയേഷന്‍ സംസ്ഥാന സമിതി. കക്കുകളി എന്ന നാടകവും ആവിഷ്‌കാര സ്വാതന്ത്ര്യവും വിശകലനം നടത്തിയാണ് കെ.എല്‍.സി.എ പ്രതികരിച്ചത്. കേരളത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളിലായി മതനിരാശം പ്രോത്സാഹിപ്പിക്കുന്ന പ്രവണതകള്‍ ഭരണകൂടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സംവിധാനങ്ങളില്‍നിന്ന് ഉണ്ടായിവരികയാണ്. അതിന്റെ ഭാഗമായിത്തന്നെ ക്രൈസ്തവ മതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ അവഹേളനാപരമായി സൃഷ്ടിക്കുന്ന സംഭവങ്ങളും കൂടിവരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ പോസ്റ്റര്‍ വിവാദവും ഇപ്പോള്‍ ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ച കക്കുകളി നാടകവും ഇത്തരം പ്രവണതകള്‍ക്ക് ഉദാഹരണങ്ങളാണ്.
ഇതുപോലുള്ള സംഭവങ്ങള്‍ ഭാവിയില്‍ തുടരാതിരിക്കുന്നതിന് ക്രൈസ്തവര്‍ ജാഗ്രതയോടെ കൂടി പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന ഇത്തരം സംഭവങ്ങളെ തള്ളിപ്പറയാന്‍ അതുമായി ബന്ധപ്പെട്ട പാര്‍ട്ടികളില്‍ തന്നെയുള്ള മതവിശ്വാസികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തയ്യാറാകണം. മതവിശ്വാസമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ഇടര്‍ച്ചയുണ്ടാക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരേ നടപടിയെടുത്ത് തെറ്റ് തിരുത്താന്‍ തയ്യാറാവുന്നതിന്റെ ഭാഗമായി കക്കുകളി നാടകം, മുതലായ ആവിഷ്‌കാരങ്ങള്‍ ഔദ്യോഗിക വേദികളില്‍ പ്രോത്സാഹിപ്പിക്കരുതെന്നും കെ.എല്‍.സി.എ സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ വിന്‍സി ബൈജു , ബേബി ഭാഗ്യോദയം, അഡ്വ.ജസ്റ്റിന്‍ കരിപ്പാട്ട് , നൈജു അറക്കല്‍, ജോസഫ്കുട്ടി കടവില്‍ , സാബു കാനക്കാപള്ളി , അനില്‍ ജോസ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. മഞ്ജു ആര്‍.എല്‍ , പൂവം ബേബി , ജോണ്‍ ബാബു , ഹെന്റി വിന്‍സെന്റ്, സാബു വി.തോമസ്, ഷൈജ ആന്റണി ഇ.ആര്‍
എന്നിവര്‍ പ്രസംഗിച്ചു.